Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൊമ്പരങ്ങളുടെ ചെപ്പുമായി ആ സഹോദരി ലാത്വിയയിലേക്കു മടങ്ങി

തിരുവനന്തപുരം∙ 'മേ ഗോഡ് ബീ വിത്ത് യു ഓൾ ചേട്ടന്മാർ ആൻഡ് ചേച്ചിമാർ' എന്നു ഫെയ്സ്ബുക്കിലെഴുതിയാണ് വാഴമുട്ടത്തു കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു ലാത്വിയയിലേക്കു പറന്നത്. കൂടെയെത്തിയ കൂടപ്പിറപ്പില്ലാതെയായിരുന്നു ആ മടക്കം.

കൊലപാതകവുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങൾക്കായി അവർ ആറുമാസത്തിനു ശേഷം വീണ്ടും കേരളത്തിലെത്തും. ലാത്വിയൻ മാധ്യമങ്ങൾ സഹോദരിയുടെ വരവിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാൽ അധികമാരെയും അറിയിക്കാതെയാണു യാത്ര. കഴിഞ്ഞ രണ്ടുമാസത്തിലേറെ കേരളത്തിന്റെ മുക്കും മൂലയും സഹോദരിക്കായി അലഞ്ഞതിനാൽ പല മലയാളം വാക്കുകളും പഠിച്ചു.

തൈക്കാട് യാത്രി നിവാസിലെ താമസത്തിനിടയിൽ ദിവസവും കണ്ട മുഖങ്ങൾക്കു നന്ദി പറഞ്ഞുതീർക്കാൻ തന്നെ മൂന്നു ദിവസമെടുത്തു. വാൻറോസ് ജംക്‌ഷനിലെ ഹോട്ടലിലും വഴുതക്കാട് ജംക്‌ഷനിലെ വിജയന്റെ തട്ടുകടയിലുമായിരുന്നു സ്ഥിരം ഭക്ഷണം. ഹോട്ടലിലെ ജീവനക്കാർക്കു പലർക്കും ഭാഷ വശമില്ലെങ്കിലും രണ്ടുമാസം ഇവർ ഹൃദയംകൊണ്ടാണു സംസാരിച്ചത്. വികാരനിർഭരമായ യാത്രയയപ്പാണു ലാത്വിയൻ സുഹൃത്തിനായി അവസാനദിവസം ഒരുക്കിയത്.

സഹോദരിയെ കാണാതായ അയിരൂപ്പാറയിലെ ആയുർവേദ സെന്ററിലെ മുറിയിലും അവസാനദിവസം ഒരു മണിക്കൂറോളം നിശ്ശബ്ദമായി ഇരുന്നു. വർക്കലയിൽ ആദ്യം താമസിച്ച റിസോർട്ടിലെ മുറിയിലും പോയി. തുടർന്നു വർക്കല ബീച്ചിൽ ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഒഴുക്കി. പിറ്റേന്നു റാന്നിയിൽ ജെസ്നയുടെ വീട്ടിൽ പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അക്കരപ്പള്ളിയിൽ മണിക്കൂറുകളോളം പ്രാർഥനയിൽ മുഴുകി.

വൈകിട്ടു പെയ്ത മഴയിൽ ആവോളം നനഞ്ഞു. തുടക്കം മുതൽ ഒടുക്കം വരെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളി സ്വദേശി സുനിത് സുകുമാരനൊപ്പം ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തി, ഇരുവരും ചേർന്ന് അവസാന സെൽഫി എടുത്തു പിരിഞ്ഞു.

അന്വേഷണം തുടരുന്നതിനാൽ കൊല്ലപ്പെട്ട യുവതിയുടെ പാസ്പോർട്ടും ബാഗുകളും പൊലീസിനെ ഏൽപിച്ചശേഷമാണ് സഹോദരി മടങ്ങിയത്. ലാത്വിയയിലെ സംസ്കാര ചടങ്ങിനുശേഷം സഹോദരി അയർലൻഡിലേക്കു പോകും.