കോട്ടയം∙ ദേശീയ പുരസ്കാരത്തിന്റെ വലുപ്പം തിരിച്ചറിയാൻ കഴിയാത്തതു മൂലമാണ് ഒരു വിഭാഗം കലാകാരന്മാർ ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങു ബഹിഷ്കരിച്ചതെന്നു സംവിധായകൻ ജയരാജ് പറഞ്ഞു.
മുൻപും ഇതേ വേദിയിൽ രാഷ്ട്രപതിക്കു പകരം മറ്റുള്ളവർ പുരസ്കാരം വിതരണം ചെയ്തിട്ടുണ്ട്. 1996ൽ അന്നത്തെ രാഷ്ട്രപതിക്കു പകരം ചലച്ചിത്ര നടൻ രാജ്കുമാറാണ് എനിക്കു ചലച്ചിത്ര പുരസ്കാരം സമ്മാനിച്ചത്. ടി.വി.ചന്ദ്രനു ദിലീപ് കുമാറും സത്യജിത് റായ്ക്കും രാമു കാര്യാട്ടിനും അന്നത്തെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ഇന്ദിരാ ഗാന്ധിയും പുരസ്കാരം നൽകിയിട്ടുണ്ട്.
ദേശീയ പുരസ്കാര ദാന ചടങ്ങിനെ ചെറുതാക്കി കണ്ടത് ശരിയായില്ല. പുതിയ തലമുറയിലെ കലാകാരന്മാരെ ഇവിടെത്തന്നെയുള്ള ചിലർ വഴി തെറ്റിച്ചതാണ് – ജയരാജ് പറഞ്ഞു.
ചടങ്ങിന്റെ റിഹേഴ്സൽ സമയത്തു തന്നെ സമ്മാന വിതരണം സംബന്ധിച്ച ക്രമീകരണങ്ങൾ അറിയിച്ചിരുന്നു. സമയക്കുറവു മൂലം രാഷ്ട്രപതി കുറച്ചു പേർക്കു മാത്രം പുരസ്കാരം നൽകുമെന്നും മറ്റുള്ളവർക്ക് രാഷ്ട്രപതിക്കൊപ്പം ഫോട്ടോ എടുക്കാൻ അവസരം ഉണ്ടെന്നുമായിരുന്നു അറിയിപ്പ്. ഇതോടെയാണു ചടങ്ങ് ബഹിഷ്കരിക്കണം എന്ന ചർച്ച വന്നത്.
എന്നാൽ, ബഹിഷ്കരണം വേണ്ടെന്നും മുഴുവൻ പുരസ്കാരങ്ങളും രാഷ്ട്രപതി തന്നെ സമ്മാനിക്കണമെന്ന് അഭ്യർഥിച്ചു നിവേദനം നൽകാമെന്നും പിന്നീടു തീരുമാനിച്ചു. അതനുസരിച്ചാണ് യേശുദാസ് ഉൾപ്പെടെയുള്ളവർ നിവേദനത്തിൽ ഒപ്പിട്ടത്– ജയരാജ് പറഞ്ഞു. ഒട്ടേറെ കലാകാരന്മാർ കുടുംബാംഗങ്ങളെയും ഡൽഹിയിൽ കൊണ്ടുവന്നിരുന്നു. അവർക്കും ഇതിനു സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടുവെന്നും ജയരാജ് പറഞ്ഞു.