Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോക്കുകൂലി നിരോധനത്തിനു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടി: മുഖ്യമന്ത്രി

CITU---Pinarayi-on-screen സിഐടിയു സംസ്ഥാന കൗൺസിലിനു മുന്നോടിയായി പത്തനംതിട്ടയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദൃശ്യം വേദിയിലെ സ്ക്രീനിൽ തെളിഞ്ഞപ്പോൾ. ചിത്രം: അരവിന്ദ് വേണുഗോപാൽ

പത്തനംതിട്ട∙ നോക്കുകൂലി നിരോധനത്തിനു വിരുദ്ധമായി ആരു പ്രവർത്തിച്ചാലും നിയമം നിയമത്തിന്റെ വഴിക്കു നീങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപുണ്ടായിരുന്ന ചെറിയ ഇളവുകൾ ഇനിയുണ്ടാകില്ലെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന ജനറൽ കൗൺസിലിനു മുന്നോടിയായി നടന്ന പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിനു ചീത്തപ്പേര് ഉണ്ടാക്കിയിരുന്ന രണ്ടു കാര്യങ്ങളാണ് നോക്കുകൂലിയും പുതിയ സ്ഥാപനങ്ങളിൽ ചെന്ന് തൊഴിലാളികളെ എടുക്കണമെന്നു പറയുന്ന പണിയും. രണ്ടും നിരോധിച്ചു കഴിഞ്ഞു. ഇതിന്റെ പേരിൽ ഇനിയാരും സംസ്ഥാനത്തെ ആക്ഷേപിക്കാൻ ഇടവരരുതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാർ അധികാരമേറ്റതു മുതൽ ഇതുവരെ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ നടപടികളിൽ ഏറ്റവും ഹീനമായതാണ് തൊഴിൽ സ്ഥിരത ഇല്ലാതാക്കിയ നടപടി.

ദേശീയ ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ടു രാഷ്ട്രപതിയെ അപമാനിക്കാനുള്ള ശ്രമമാണ് സർക്കാർ തലത്തിൽ നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്മൃതി ഇറാനിയെ പോലെയുള്ളവരെക്കൊണ്ട് അവാർഡ് നൽകിക്കാൻ രാഷ്ട്രപതിയെ വിവാദത്തിൽപ്പെടുത്തി. ആരോഗ്യമുള്ള ആളാണ് രാഷ്ട്രപതി. അദ്ദേഹം എല്ലാവർക്കും അവാർഡ് നൽകേണ്ടതില്ലെന്ന് ഏതോ തലത്തിൽ തീരുമാനിക്കപ്പെട്ടു. ആരോഗ്യമില്ലാതിരുന്ന രാഷ്ട്രപതിമാർ പോലും സന്തോഷത്തോടെ നൽകിയിരുന്നതാണ് ഈ അവാർഡുകളെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

എല്ലാ രംഗത്തും മോദി സർക്കാർ തുടരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ് ഈ നടപടിയും. കലാകാരന്മാരും ബുദ്ധിജീവികളും കേന്ദ്ര സർക്കാരിന്റെ അസഹിഷ്ണുതയുടെ ഇരകളാണ്. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായിരുന്നു.

ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ, ദേശീയ വൈസ് പ്രസിഡന്റ് എ.കെ. പത്മനാഭൻ, സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, എംഎൽഎമാരായ വീണാ ജോർജ്, രാജു ഏബ്രഹാം, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, കെ. അനന്തഗോപൻ, പി.ജെ. അജയകുമാർ, കെ.സി. രാജഗോപാൽ, കെ.ജെ. തോമസ്, കെ.കെ. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ യോഗം ഇന്നും നാളെയുമായി നടക്കും.

related stories