വിദേശ വനിതയുടെ കൊലപാതകം: പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

നെയ്യാറ്റിൻകര∙ വാഴമുട്ടത്തെ കണ്ടൽക്കാടിനുള്ളിൽ വിദേശവനിതയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ രണ്ടു പേരെ 14 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം, ക്രൂരമായ കൂട്ടമാനഭംഗം, ലഹരിമരുന്നു വിൽപനയും ഉപയോഗവും തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. തിരുവല്ലം വെള്ളാർ വടക്കേ കൂനംതുരുത്തിൽ വീട്ടിൽ ഉമേഷ് (28), വെള്ളാർ കൂനംതുരുത്തിൽ ഉദയൻ (24) എന്നിവരെയാണു തുടരന്വേഷണത്തിനും കൂടുതൽ തെളിവുകൾ കണ്ടെത്തുന്നതിനുമായി 17നു വൈകിട്ട് അഞ്ചു വരെ പൊലീസിനു കൈമാറിയത്.

യുവതിയെ കഴുത്തുഞെരിച്ചു കൊന്നത് ഉമേഷാണെന്നു കോടതിയിൽ ഹാജരാക്കിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് ചൂണ്ടിക്കാട്ടി. ഇതു കോടതി അംഗീകരിച്ചതിനെ തുടർന്ന് ഇവരെ തിരുവല്ലം സ്റ്റേഷനിലേക്കു തിരികെ കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ടു നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന ഇരുവർക്കുമെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചതിനെ തുടർന്നാണു കഴിഞ്ഞ ദിവസം കേസെടുത്തത്.

പൊലീസ് മർദിച്ചെന്ന് ആരോപിച്ച ഉമേഷിൽ നിന്നു പ്രത്യേക പരാതി എഴുതിവാങ്ങിയ കോടതി വൈദ്യപരിശോധനയ്ക്കു നിർദേശിച്ചു. കോടതിക്കുള്ളിൽ പ്രതികൾ പൊട്ടിക്കരഞ്ഞു. മർദിച്ചും രഹസ്യഭാഗങ്ങളിൽ മുളകുതേച്ചുമാണു പൊലീസ് കുറ്റം സമ്മതിപ്പിച്ചതെന്ന് ഇവർ ആരോപിച്ചു. പൊലീസിനെതിരെ പരാതിയുമായി പ്രതികളുടെ മാതാപിതാക്കളും കോടതിയിലെത്തി.

ഇരുവരെയും വാഹനത്തിൽ നിന്നു കോടതി വളപ്പിലിറക്കിയതോടെ സ്ത്രീകൾ ഉൾപ്പെടെ അവിടെ തടിച്ചുകൂടിയവർ പ്രതിഷേധം തുടങ്ങി. നിരപരാധികളാണെന്നും പൊലീസ് ക്രൂരമായി മർദിച്ചു കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്നും അവർ പൊലീസിനെ വളഞ്ഞു ബഹളംവച്ചു. ഇവരെ തള്ളിമാറ്റിയാണു പ്രതികളെ രണ്ടാം നിലയിലെ കോടതിമുറിയിലെത്തിച്ചത്. അതിനുള്ളിലേക്കും തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു.

ചില സ്ത്രീകൾ ഉച്ചത്തിൽ ആക്രോശിക്കുകയും നിലവിളിക്കുകയും ചെയ്തു. ഇവരെ നീക്കാൻ മജിസ്ട്രേട്ട് നിർദേശിച്ചതും ബഹളത്തിനിടയാക്കി. പ്രതികളുടെ ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷകർ തടഞ്ഞതു വാക്കേറ്റത്തിനു കാരണമായി.