കാഞ്ഞങ്ങാട്∙ മാധ്യമപ്രവർത്തകരെ വീണ്ടും പുറത്താക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് ലയൺസ് ഹാളിൽ സിപിഎം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൗര പ്രമുഖരുടെ മുഖാമുഖം പരിപാടിയ്ക്കിടയിലാണു സംഭവം.
പബ്ലിക് റിലേഷൻസ് വകുപ്പ് കഴിഞ്ഞ ദിവസം നൽകിയ അറിയിപ്പ് അനുസരിച്ചാണു മാധ്യമപ്രവർത്തകർ എത്തിയത്. മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു ശേഷമായിരുന്നു സംഭവം. ആദ്യം മന്ത്രി ചന്ദ്രശേഖരൻ മാധ്യമപ്രവർത്തകരോടു പുറത്തു പോകാൻ മൈക്കിലൂടെ ആവശ്യപ്പെട്ടു. അതിനുശേഷവും അവിടെ തുടർന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി ആംഗ്യഭാഷയിൽ പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷൻ വി.വി.രമേശനും സിപിഎം ജില്ല സെക്രട്ടറി എം.വി.ബാലകൃഷ്ണനും മാധ്യമപ്രവർത്തകരുടെ അടുത്തെത്തി പുറത്തു പോകാൻ രഹസ്യമായി ആവശ്യപ്പെട്ടു. തുടർന്നാണ് എല്ലാവരും പുറത്തു പോയത്.
വികസന സംബന്ധമായ ചർച്ചയെന്നായിരുന്നു മാധ്യമപ്രവർത്തകർക്കു ലഭിച്ച അറിയിപ്പ്. വ്യവസായികൾ, അഭിഭാഷകർ, ഡോക്ടർമാർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള മുന്നൂറോളം പ്രമുഖരാണു ചർച്ചയിൽ പങ്കെടുത്തത്. മാധ്യമ പ്രവർത്തകരെ അകറ്റി നിർത്താൻ പൊലീസിനുൾപ്പെടെ നേരത്തേ തന്നെ നിർദേശം ലഭിച്ചതായാണു വിവരം.
ഇടുക്കി ജില്ലയിൽ രാജാക്കാട്ട് കഴിഞ്ഞ 10നു നടന്ന സമാന പരിപാടിയിൽ മാധ്യമപ്രവർത്തകർക്കു ക്ഷണമുണ്ടായിരുന്നില്ല. പരിപാടിയെക്കുറിച്ചു വിവരവും നൽകിയിരുന്നില്ല. വ്യാപാരികളും കർഷകരുമായിരുന്നു ഇടുക്കിയിലെ യോഗത്തിലെ ക്ഷണിതാക്കൾ.