കൊച്ചി∙ അഭിനയത്തെയും സിനിമയെയും ഹൃദയതുല്യം കൊണ്ടു നടന്ന കലാകാരനായിരുന്നു കലാശാല ബാബു. സ്വന്തം തൊഴിലിനോട് അദ്ദേഹം കാട്ടിയ ആത്മാർഥതയുടെയും അർപ്പണ ബോധത്തിന്റെയും ആഴം വ്യക്തമാക്കുന്ന, സിനിമ സീനുകളെ വെല്ലുന്ന മൂന്നു വൈകാരിക സംഭവങ്ങൾ തിരക്കഥാകൃത്ത് സഞ്ജയും ബാബുവിന്റെ അടുത്ത ബന്ധുവായ എസ്. രാജ്‌മോഹനും ഓർത്തെടുക്കുന്നു.
സീൻ ഒന്ന്
എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് പുരോഗമിക്കുന്ന സമയം. കാളിദാസൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മുത്തശ്ശന്റെ വേഷമായിരുന്നു കലാശാല ബാബുവിന്. കുട്ടിക്കുറ്റവാളിയായി ജുവനൈൽ ഹോമിൽ കഴിയുന്ന കാളിദാസന്റെ കഥാപാത്രത്തെ മുത്തശ്ശൻ സന്ദർശിക്കുന്ന ഏറെ വൈകാരികമായ രംഗത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ ചെയ്ത ദിവസം അപ്രതീക്ഷിതമായി കലാശാല ബാബുവിന്റെ സഹോദരൻ മരിച്ചു. ആ ദിവസത്തെ ഷൂട്ടിങ് മുടങ്ങിയാൽ ഷെഡ്യൂൾ ആകെ പ്രശ്നമാവും. ബാബുവില്ലാതെ ഷൂട്ടിങ് നടത്താനുമാവില്ല. സംവിധായകൻ സിബി മലയിൽ ഉൾപ്പെടെയുള്ളവർ പ്രതിസന്ധിയിലായി.
പക്ഷേ, സഹോദരന്റെ സംസ്കാരം കഴിഞ്ഞാലുടൻ താൻ ഷൂട്ടിങ് സെറ്റിലെത്താം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതു കൃത്യമായി പാലിക്കുകയും ചെയ്തു. സെറ്റിലെത്തുമ്പോൾ സ്വാഭാവികമായും അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. പക്ഷേ വേഷമിട്ട് അഭിനയിക്കാൻ തുടങ്ങിയതോടെ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു. അഭിനയിച്ചു കഴിഞ്ഞുടൻ അദ്ദേഹം മടങ്ങുകയും ചെയ്തു. അന്ന് അദ്ദേഹത്തിനു വരാതിരിക്കാമായിരുന്നു. പക്ഷേ തന്റെ ആത്മാർഥത എത്ര തീവ്രമാണെന്ന് അദ്ദേഹം കാട്ടിത്തന്നു’- സഞ്ജയുടെ വാക്കുകൾ.
സീൻ രണ്ട്
ജോഷി സംവിധാനം ചെയ്ത ലയൺ എന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനാവുന്ന മകനോടും പോരിടേണ്ടി വരുന്ന മന്ത്രിയായ രാഷ്ട്രീയ നേതാവിന്റെ നിർണായക വേഷമായിരുന്നു ബാബുവിന്. ചിത്രത്തിന്റെ ഷൂട്ടിങ് ഷെഡ്യൂൾ പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായി. ഐസിയുവിലായി. നില അൽപം ഭേദമായതും ബാബുവിന് ഷൂട്ടിങ്ങിനു പോകണമെന്ന് ഒരേ നിർബന്ധം. വളരെ കർക്കശക്കാരനായ ജോഷിയുടെ സിനിമയുടെ ഷൂട്ടിങ് താൻ കാരണം തടസ്സപ്പെടരുതെന്നു പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധമെന്ന് അടുത്ത ബന്ധുവായ എസ്. രാജ്മോഹൻ ഓർക്കുന്നു.
ഒടുവിൽ അഭിനയത്തെയും സിനിമയെയും ഹൃദയത്തിൽ കൊണ്ടുനടക്കുന്ന കലാകാരന്റെ നിർബന്ധത്തിന് ഉറ്റവരും ഡോക്ടറും വഴങ്ങി. ഐസിയുവിൽ നിന്ന് ബന്ധുക്കൾ തന്നെ ലൊക്കേഷനിലെത്തിച്ചു. ഷൂട്ടിങ് കഴിഞ്ഞാൽ വീണ്ടും നേരെ ആശുപത്രിയിലേക്കു മടക്കി കൊണ്ടുവന്ന് ഐസിയുവിൽ. ഏതാനും ദിവസങ്ങൾ ഇതായിരുന്നു പതിവ്. ബാബുവിന്റെ ഏറ്റവും ശ്രദ്ധേയ വേഷങ്ങളിലൊന്നായിരുന്നു ആ ചിത്രത്തിലെ ബാലഗംഗാധര മേനോൻ.
സീൻ മൂന്ന്
അറിയപ്പെടുന്ന നടനായിട്ടും സ്വന്തം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതായിരുന്നു ബാബുവിന് ഇഷ്ടം. നേരത്തെ ഉണ്ടായ ഹൃദയാഘാതത്തിന്റെ ബാക്കിപത്രം പോലെ അദ്ദേഹത്തിന് നെഞ്ചു വേദന അനുഭവപ്പെട്ടത് കഴിഞ്ഞ ഡിസംബർ പകുതിയോടെയാണ്. തൃപ്പൂണിത്തുറയിലെ അപ്പാർട്ട്മെന്റിൽ നിന്നു സ്കൂട്ടർ സ്വയം ഓടിച്ച് ബാബു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി. പരിശോധിച്ചപ്പോൾ ഹൃദയ ധമിനികളിൽ ഗുരുതരമായ തടസ്സങ്ങളുണ്ട്.
ഹൃദയം തുറന്നുള്ള ബൈപാസ് ശസ്ത്രക്രിയ വേണ്ടി വരുമെന്നു ഡോക്ടർമാർ നിർദേശിച്ചു. ആൻജിയോപ്ലാസ്റ്റി മതിയെന്നായി ബാബുവിന്റെ നിർബന്ധം. ഡിസംബർ 21ന് പുതിയൊരു സിനിമയുടെ ഷൂട്ടിങ് ഷെഡ്യൂൾ തുടങ്ങുമെന്നും ബൈപാസ് ചെയ്താൽ അതു മുടങ്ങുമെന്നുമായിരുന്നു അതിനുള്ള ന്യായീകരണമെന്ന് എസ്. രാജ്‌മോഹൻ പറയുന്നു. ഒടുവിൽ ആൻജിയോപ്ലാസ്റ്റി തന്നെ ചെയ്തു.
അടുത്ത ദിവസം മുറിയിലേക്കു മാറ്റാൻ ഒരുങ്ങവെയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം സംഭവിച്ച് ശരീരം തളർന്നത്. ആ വീഴ്ചയിൽ നിന്നു പിന്നെ മോചനമുണ്ടായില്ല. പല ആശുപത്രികളിലായി തുടർന്ന ചികിൽസകൾക്കൊടുവിലായിരുന്നു അന്ത്യം.