Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജിലൻസ് ഡയറക്ടറുടെ ഒഴിവിൽ ഡിജിപിയെ തേടുന്നു

Nirmal Chandra Asthana എൻ.സി.അസ്താന

തിരുവനന്തപുരം∙ പുതിയ വിജിലൻസ് ഡയറക്ടർ നിയമനം സർക്കാരിനു വീണ്ടും കീറാമുട്ടിയാകും. നിലവിലെ ഡയറക്ടർ എൻ.സി.അസ്താന കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു പോകുന്നതോടെ പകരം ആര് എന്ന ചോദ്യത്തിനു പൊലീസ് ഉപദേശകർ പട്ടിക തയാറാക്കുകയാണ്. അതിനിടെ, സംസ്ഥാന വിജിലൻസ് കമ്മിഷൻ അടിയന്തരമായി രൂപീകരിച്ചു വിജിലൻസ് ഡയറക്ടർ പദവി തന്നെ ഒഴിവാക്കാനും നീക്കമുണ്ട്.

അസ്താനയ്ക്കു ബിഎസ്എഫ് അഡീഷനൽ ഡയറക്ടറായാണു നിയമനം. അദ്ദേഹത്തിനു കേന്ദ്ര സർവീസിലേക്കു പോകാൻ അനുമതി നൽകുന്ന ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. രണ്ടു ദിവസത്തിനകം അദ്ദേഹം പോകും. തൽക്കാലം വിജിലൻസ് എഡിജിപി ഷേയ്ക്ക് ദർവേഷ് സാഹിബിനു ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകും. ഡൽഹിയിൽ കേരള പൊലീസിന്റെ സ്പെഷൽ ഓഫിസറായിരുന്ന അസ്താനയെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർബന്ധിച്ചാണു കേരളത്തിലേക്കു കൊണ്ടുവന്നത്.

നിലവിൽ, കേന്ദ്രസർക്കാർ അംഗീകരിച്ച ഡിജിപിമാരുടെ രണ്ടു കേഡർ തസ്തികയും രണ്ട് എക്സ് കേഡർ തസ്തികയും സംസ്ഥാനത്തുണ്ട്. സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ പദവികൾ കേഡർ തസ്തികയാണ്. അവിടെ ഡിജിപിമാരെത്തന്നെ നിയമിക്കണം. ബെഹ്റയ്ക്കു പുറമെ ജേക്കബ് തോമസ്, ഋഷിരാജ് സിങ്, അസ്താന എന്നിവരാണു കേന്ദ്രം അംഗീകരിച്ച ഡിജിപിമാർ. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരായ എ.ഹേമചന്ദ്രൻ, എൻ.ശങ്കർ റെഡ്ഡി, ബി.എസ്.മുഹമ്മദ് യാസിൻ, രാജേഷ് ദിവാൻ എന്നിവർക്കും സംസ്ഥാനം ഡിജിപി പദവി നൽകിയിട്ടുണ്ടെങ്കിലും അതു കേന്ദ്രസർക്കാരും അക്കൗണ്ടന്റ് ജനറലും അംഗീകരിച്ചിട്ടില്ല. അതിനാൽ, ഇവർ ഡിജിപി പദവിയിൽ എഡിജിപിയുടെ ശമ്പളമാണു വാങ്ങുന്നത്. ഇതിൽ, രാജേഷ് ദിവാൻ വിരമിച്ചു. അസ്താന കേന്ദ്രത്തിലേക്കു പോകുന്നതോടെ എ.ഹേമചന്ദ്രൻ യഥാർഥ ഡിജിപി പദവിയിലെത്തും.

ജേക്കബ് തോമസ് ഇപ്പോൾ സസ്പെൻഷനിലാണ്. ഋഷിരാജ് സിങ് എക്സൈസ് കമ്മിഷണറാണെങ്കിലും കേന്ദ്രത്തിൽ ഡിജിപി പദവിയിൽ നിയമിക്കുന്നവരുടെ പട്ടികയിൽ അദ്ദേഹമുണ്ട്. അതിനാൽ, വൈകാതെ അദ്ദേഹവും കേന്ദ്രത്തിലേക്കു പോകും. ഹേമചന്ദ്രനാണു ശേഷിക്കുന്ന ഡിജിപി. ഇദ്ദേഹത്തെ വിജിലൻസ് ഡയറക്ടറാക്കാൻ തടസ്സവുമില്ല. അല്ലെങ്കിൽ, മുഹമ്മദ് യാസിനെയോ ശങ്കർ റെഡ്ഡിയെയോ നിയമിക്കണം. കഴിഞ്ഞ സർക്കാർ അന്ന് എഡിജിപിയായ ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതിനെ ഭരണകക്ഷിയിലെ ചിലർ വിമർശിച്ചിരുന്നു. എന്നാൽ, ബാർകോഴ ഇടപാടിൽ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി ശങ്കർ റെഡ്ഡിയുടെ സമയത്തു വിജിലൻസ് നൽകിയ റിപ്പോർട്ട് അതേപടി ശരിവച്ചാണ് ഈ സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതിനാൽ, ശങ്കർ റെഡ്ഡിയും ഈ പദവിയിൽ സർക്കാരിനു സമ്മതനാവും. എന്നാൽ, കേന്ദ്രം അംഗീകരിച്ച ഡിജിപിമാരെ ഒഴിവാക്കി കേഡർ തസ്തികയിൽ മറ്റൊരാളെ നിയമിക്കാൻ കഴിയില്ലെന്ന നിയമപ്രശ്നവുമുണ്ട്.

ഏതായാലും പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരുടെ അഭിപ്രായം കണക്കിലെടുത്താകും പുതിയ ഡയറക്ടറെ സർക്കാർ നിയമിക്കുക. ഒപ്പം എഡിജിപി, ഐജി, ഡിഐജി തലത്തിലും അഴിച്ചുപണി ഉണ്ടാകും. സംസ്ഥാന പൊലീസ് മേധാവിയുടെയും വിജിലൻസ് ഡയറക്ടറുടെയും പദവി ബെഹ്റ ഒരുമിച്ചു വഹിച്ചതിനെ ഹൈക്കോടതി ഒന്നിലേറെ തവണ രൂക്ഷമായി വിമർശിച്ചിരുന്നു. 11 മാസം വിജിലൻസ് ഡയറക്ടറായിരുന്ന ബെഹ്റ ഇതെ തുടർന്നാണ് ആ പദവി ഒഴിഞ്ഞത്.