Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഴ്സുമാരുടെ വേതനം: സ്റ്റേ ഇല്ലെന്ന് സുപ്രീം കോടതി

Nurse

ന്യൂഡൽഹി∙ നഴ്സുമാരുടെ മിനിമം േവതനം സംബന്ധിച്ചു സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആശുപത്രി മാനേജ്മെന്റുകളുടെ ആവശ്യം സുപ്രീം കോടതിയും തള്ളി. ഇതേ വിഷയത്തിൽ കേരള ഹൈക്കോടതിയിലുള്ള ഹർജികൾ എത്രയുംവേഗം തീർപ്പാക്കണമെന്നു ജഡ്ജിമാരായ എ.എം.ഖാൻവിൽകർ, നവീൻ സിൻഹ എന്നിവരുൾപ്പെട്ട അവധിക്കാല ബെഞ്ച് അഭ്യർഥിച്ചു.

വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി അംഗീകരിക്കാത്ത സ്ഥിതിയിലാണു ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. 

ഒരു മാസത്തിനകം വിഷയം പരിഗണിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ നാലിന്റെ ഉത്തരവിൽ വ്യക്തമാക്കിയതു കണക്കിലെടുത്താണു തങ്ങൾ ഇടപെടാത്തതെന്നു സുപ്രീം കോടതി വ്യക്തമാക്കി. 

മിനിമം വേതന നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമാണു വിജ്ഞാപനത്തിലെ നിർദേശങ്ങളെന്നു ഹർജിക്കാർക്കു വേണ്ടി അഭിഷേക് സിങ്‌വിയും ബീന മാധവനും വാദിച്ചു. മിനിമം വേതന വിഷയം പരിശോധിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ കണക്കിലെടുത്തില്ല. പകരം, സ്വന്തം നിലയിൽ വിജ്ഞാപനമിറക്കുകയായിരുന്നുവെന്നും വാദമുണ്ടായി. 

ഇക്കാര്യങ്ങളൊക്കെയും ഹൈക്കോടതിയിൽ ഉന്നയിക്കാൻ സുപ്രീം കോടതി പറഞ്ഞു. 

ഹർജിക്കാരുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷനും സംസ്ഥാന സർക്കാരും എതിർത്തു. വിജ്ഞാപനം തങ്ങളുടെ വിവേചനാധികാരത്തിൽപ്പെട്ട വിഷയമാണെന്നു സർക്കാർ വാദിച്ചു. 

അസോസിയേഷനുവേണ്ടി പി.വി.സുരേന്ദ്രനാഥും കെ.ആർ.സുഭാഷ് ചന്ദ്രനും സർക്കാരിനു വേണ്ടി രഞ്ജിത് കുമാറും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും ഹാജരായി.

related stories