ഐഎച്ച്ആർഡി ഡയറക്ടർ നിയമനം: ക്രമക്കേടില്ലെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം ∙ ഐ എച്ച്ആർഡി ഡയറക്ടർ നിയമനത്തിൽ ക്രമക്കേടില്ലെന്ന വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം ഉൾപ്പെടെ ആറു പേർക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി. വിജിലൻസ് റിപ്പോർട്ട് നിരാകരിക്കണമെന്ന ആവശ്യവും തള്ളി. 

കെ.എം.ഏബ്രഹാം അഡീഷനൽ ചീഫ് സെക്രട്ടറിയായിരിക്കെ നിശ്ചിത യോഗ്യത ഇല്ലാത്തയാളെ ഡയറക്ടറായി നിയമിച്ചെന്നും റാങ്ക് ലിസ്റ്റ് പോലും പരസ്യപ്പെടുത്താതെ നടത്തിയ നിയമനം സ്വജനപക്ഷപാതമാണെന്നും ആരോപിച്ചായിരുന്നു ഹർജി. ഐഎച്ച്ആർ‍ഡി ഡയറക്ടറായി 2016 മാർച്ചിൽ സുരേഷ് കുമാറിനെ നിയമിച്ചതിനെയാണു ചോദ്യം ചെയ്തത്. ഹർജിയിൽ ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടിരുന്നു. നിയമനം സർക്കാർ അനുമതിയോടെയാണെന്നും ക്രമക്കേടു നടന്നിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചിരുന്നെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി. 

കെ.എം.ഏബ്രഹാമിനെ കൂടാതെ  ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.ശ്രീനിവാസൻ, സെലക്‌ഷൻ കമ്മിറ്റി അംഗങ്ങളായ ഡോ.ഇ.ജെ.ജെമീസ്, ഡോ.സുരേഷ് ദാസ്, ഡോ. പി.ബി.സുനിൽകുമാർ എന്നിവരും സുരേഷ് കുമാറും എതിർകക്ഷികൾ ആയിരുന്നു.