കൊച്ചി ∙ അഴിമതി പരാതികളിൽ വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഡയറക്ടറുടെ തീരുമാനം നിർബന്ധമാക്കിയത് അനാവശ്യ വേട്ടയാടൽ ഒഴിവാക്കാനാണെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വ്യാജ ആരോപണങ്ങളുൾപ്പെട്ട ഒട്ടേറെ കേസുകൾ വിജിലൻസിനു മുന്നിലെത്തിയിട്ടുണ്ട്. ഉന്നത മേൽനോട്ടം സൽഭരണത്തിനു സഹായകമാണെന്ന് സർക്കാർ അറിയിച്ചു. വിവിധ യൂണിറ്റുകളിലെത്തുന്ന പരാതികൾ ഡയറക്ടർക്കു പരിശോധനയ്ക്കു വിടണമെന്ന സർക്കുലറും ഉത്തരവും ചോദ്യംചെയ്ത് കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ ഹർജിയിലാണു വിശദീകരണം.
വിജിലൻസിന്റെ അഴിമതിവിരുദ്ധ യജ്ഞം വേട്ടയാടലായി മാറരുതെന്ന ലക്ഷ്യത്തിലാണു നടപടിയെന്ന് വിജിലൻസ് അണ്ടർ സെക്രട്ടറി ആർ. ഗോപകുമാറിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് റജിസ്റ്റർ ചെയ്യുംമുൻപു പ്രാഥമിക പരിശോധന നടത്തുന്ന രീതി സിബിഐക്കുമുണ്ട്. ദുഷ്ടലാക്കോടെ വ്യാജ ആരോപണങ്ങൾക്കു സാധ്യതയുള്ളതിനാൽ ആരോപണത്തിന്റെ ഗൗരവംമാത്രം നോക്കി വിജിലൻസ് കേസെടുക്കുന്നത് ഉചിതമല്ല. ത്വരിതപരിശോധന, രഹസ്യ പരിശോധന, മിന്നൽ പരിശോധന തുടങ്ങിയ രീതികളിൽ പ്രാഥമികാന്വേഷണം നടത്തി ബോധ്യപ്പെട്ടാൽ മാത്രം കേസെടുക്കുന്നതിൽ അപാകതയില്ല. കഴിവും പരിചയസമ്പത്തുമുള്ള വ്യക്തിയാണു വിജിലൻസ് തലപ്പത്തുള്ളത്. വിവിധ യൂണിറ്റുകൾ ഒരേ സമയം സമാനവിഷയത്തിൽ കേസെടുത്തതുമൂലം മുൻപ് ഇരട്ടിപ്പുണ്ടായിട്ടുണ്ട്. എസ്എച്ച്ഒമാർ തിരക്കിട്ടു നടപടിയെടുത്ത കേസുകൾ കോടതി ഇടപെട്ടു റദ്ദാക്കിയ സംഭവങ്ങളുണ്ട്.
കൺസ്യൂമർഫെഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ വിജിലൻസ് യൂണിറ്റുകളിൽ 15 കേസുകൾ റജിസ്റ്റർ ചെയ്തു. ജോലി ഇരട്ടിപ്പും ഉദ്യോഗസ്ഥരുടെ സമയനഷ്ടവുമായിരുന്നു ഫലം. യൂണിറ്റ് ഡിവൈഎസ്പിമാരുടെ പരിചയക്കുറവാണ് ഇത്തരം സാഹചര്യങ്ങൾക്കു കാരണം. വിജിലൻസ് ആസ്ഥാനത്തെ പരിചയസമ്പന്നരായ ഉന്നതാധികാരിയുടെ ഇടപെടൽ ഇത്തരം സന്ദർഭങ്ങളിൽ സഹായകമാണെന്നു സർക്കാർ വിശദീകരിച്ചു.
ഫലപ്രാപ്തിയില്ലാത്ത കേസുകളേറെ
കൊച്ചി∙ വിജിലൻസ് 2016– 17ൽ 15 മാസത്തിനിടെ റജിസ്റ്റർ ചെയ്ത കേസുകൾക്കു ഫലപ്രാപ്തി കുറവായിരുന്നുവെന്നു സർക്കാർ ഹൈക്കോടതിയിൽ. 2016 ജൂൺ രണ്ടിനും 2017 മാർച്ച് 29നുമിടയിൽ വിവിധ യൂണിറ്റുകൾ 344 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ 58 കേസുകൾ അന്വേഷിച്ചതിൽ 52 എണ്ണം തെളിവില്ലെന്നു കണ്ടു തീർപ്പാക്കി. ഒൻപതു കേസുകളുടെ എഫ്ഐആർ ഹൈക്കോടതി തന്നെ റദ്ദാക്കി. അഴിമതിനിരോധന നിയമപ്രകാരം ഗുരുതര കുറ്റകൃത്യം ഉണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടക്കാതെ വന്നതാണു കാരണമെന്നു സർക്കാർ അറിയിച്ചു.