Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റിന് മൂന്നിരട്ടി വർധന

കൊണ്ടോട്ടി ∙ പെരുന്നാൾ സീസൺ ലക്ഷ്യമിട്ടു ഗൾഫ് നാടുകളിൽനിന്നു നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി. പ്രവാസികൾ നാട്ടിലെത്തുന്ന സമയം കണക്കാക്കി ജൂൺ മധ്യത്തോടെയാണു വിമാനക്കമ്പനികൾ നിരക്കു വർധിപ്പിച്ചിട്ടുള്ളത്. ദമാമിൽനിന്നു കോഴിക്കോട്ടേക്കു ജൂൺ 13ന് 31,000 രൂപ മുതൽ 68,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. അന്നുതന്നെ കോഴിക്കോട്ടുനിന്നു ദമാമിലേക്ക് 13,000 രൂപയേയുള്ളൂ. അതേദിവസം കരിപ്പൂരിൽനിന്നു റിയാദിലേക്ക് 10,900 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. എന്നാൽ റിയാദിൽനിന്ന് കരിപ്പൂരിലേക്കു 39,000 രൂപ നൽകണം.

കൂടുതൽ യാത്രക്കാരുള്ള ജിദ്ദ–കോഴിക്കോട് സെക്ടറിൽ നേരിട്ടു വിമാനമില്ല. കണക്‌ഷൻ വിമാനങ്ങൾ വഴി ജിദ്ദയിൽനിന്നു കോഴിക്കോട്ടെത്താനുള്ള ജൂൺ 13ലെ ടിക്കറ്റ് അര ലക്ഷം രൂപയുടെ മുകളിലാണ്. എന്നാൽ, അതേദിവസം കോഴിക്കോട്ടുനിന്ന് 16,900 രൂപയുണ്ടെങ്കിൽ ജിദ്ദയിലെത്താം. ദുബായ്–കോഴിക്കോട് സെക്ടറിൽ 20,790 രൂപയാണ് എയർ ഇന്ത്യയുടെ നിരക്ക്. എന്നാൽ, കോഴിക്കോട്ടുനിന്നു ദുബായിലേക്ക് 7000 രൂപ മതി. എയർ ഇന്ത്യയുടെ കോഴിക്കോട്–ഷാർജ ടിക്കറ്റ് 7,000 രൂപയ്ക്കു മുകളിൽ ലഭിക്കും. എന്നാൽ മടക്ക യാത്രയ്ക്കു 24,300 രൂപ വേണം.

സന്ദർശക വീസ സൗജന്യമായ ദോഹയിലേക്കു കോഴിക്കോട്ടുനിന്ന് 11,000 രൂപ മുതൽ ടിക്കറ്റ് ലഭിക്കും. എന്നാൽ, ദോഹയിൽനിന്നു കോഴിക്കോട്ടേക്കു 32,700 മുതൽ 49,000 രൂപ വരെയാണ് വിവിധ വിമാനക്കമ്പനികളുടെ നിരക്ക്. പെരുന്നാൾ ആഘോഷങ്ങൾക്കായി അവധി നേടി നാട്ടിലെത്തുന്ന പ്രവാസി യാത്രക്കാരെ ലക്ഷ്യമിട്ട് ഗൾഫ് നാടുകളിൽനിന്നു നാട്ടിലേക്കുള്ള നിരക്കു മാത്രമാണു വർധിപ്പിച്ചിട്ടുള്ളത്.