തിരുവനന്തപുരം∙ ഒരൊറ്റദിനംകൊണ്ടു വിവാദങ്ങളെല്ലാം കുടഞ്ഞെറിഞ്ഞു തലയുയർത്തി നിൽക്കുന്നു പിണറായി വിജയൻ സർക്കാർ. തിങ്കളാഴ്ച നിയമസഭയിൽ അങ്കപ്പുറപ്പാടിനൊരുങ്ങിയിരുന്ന പ്രതിപക്ഷം ആത്മവീര്യം ചോർന്ന നിലയിലും. 2016ൽ ബിജെപിയുടെ കുതിപ്പാണു ചെങ്ങന്നൂരിൽ മുന്നണികളുടെ ജയപരാജയം നിർണയിച്ചതെങ്കിൽ ഇക്കുറി പരാശ്രയമില്ലാതെ ചരിത്രവിജയത്തിലേക്കു കുതിച്ച് എൽഡിഎഫ്.
എൽഡിഎഫ്
മണ്ഡലത്തിലെ പഞ്ചായത്തുകൾ വിഭജിച്ച് അതിനു കീഴിൽ സംഘടനാ സംവിധാനം ഒരുക്കുന്ന രീതിയാണ് തിരഞ്ഞെടുപ്പുകളിൽ മുന്നണികൾ പിന്തുടരുന്നതെങ്കിൽ ഇതാദ്യമായി സിപിഎം പരീക്ഷിച്ച പുതുരീതിയുടെ ജയമാണു ചെങ്ങന്നൂരിൽ കണ്ടത്. ചെങ്ങന്നൂരിനെ 27 മേഖലകളായി തിരിച്ച് ഓരോന്നും ഒരു ജില്ലാകമ്മിറ്റി അംഗത്തിന്റെ കീഴിലാക്കി. ആ 27 മേഖലകളുടെയും കീഴിലുള്ള ബൂത്തു ചുമതലക്കാരെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മൂന്നുതവണ കണ്ടു.
കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്തുകളുടെ മേൽനോട്ടം വഹിച്ച് 20 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ 25 ദിവസം ചെങ്ങന്നൂരിൽ തമ്പടിച്ചു. മന്ത്രിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും ഇതാദ്യമായി ഒരു മണ്ഡലത്തിലെ മുഴുവൻ വീടുകളിലുമെത്തി. ജില്ലയിലെ വിഭാഗീയ പ്രശ്നങ്ങൾ സജി ചെറിയാനെ ബാധിക്കാതിരിക്കാനുള്ള കരുതൽ പ്രത്യേകമായി എടുത്തു. ആദ്യഘട്ടത്തിൽ സജിയെ സ്ഥാനാർഥിയാക്കുന്നതിൽ ആശയക്കുഴപ്പമുണ്ടായെങ്കിലും ചെങ്ങന്നൂരിൽ ഏറ്റവും പ്രാപ്തൻ അദ്ദേഹമാണെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ ഒരു ഘട്ടത്തിലും സജി തെറ്റിച്ചില്ല.
പാർട്ടിയെ ഒരുവശത്ത് ഇങ്ങനെ ചലിപ്പിക്കുമ്പോൾതന്നെ വിവിധ സംഘടനകളെയും ഗ്രൂപ്പുകളെയും നേതൃത്വവും മന്ത്രിസഭ ‘കൈകാര്യം’ ചെയ്തു. എൻഎസ്എസും എസ്എൻഡിപിയും തൊട്ട് കെപിഎംഎസ് വരെയുള്ള സംഘടനകളെ വിശ്വാസത്തിലെടുക്കാൻ കോടിയേരിതന്നെ നേരിട്ടു ചർച്ചകൾ നടത്തി. മുഖ്യമന്ത്രിയെന്ന നിലയിലുള്ള സ്വാധീനവും ശക്തിയും ഈ വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പിക്കാൻ പിണറായി വിജയനും ഉപയോഗിച്ചു. ഇതെല്ലാം ഒത്തുവന്നതോടെ പ്രതീക്ഷിച്ചതിലും വലിയ വിജയമാണു സിപിഎം നേടിയത്.
65,000 കിട്ടിയാലേ ജയിക്കൂ എന്നുകണ്ട് അതിനുള്ള തയാറെടുപ്പ് നടത്തി. കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരായുള്ള ന്യൂനപക്ഷവികാരം വീണ്ടും തുണച്ചുവെന്നു തന്നെ സിപിഎം നിഗമനം. ഒപ്പം ബിഡിജെഎസ് വഴി 2016ൽ നഷ്ടപ്പെട്ട എസ്എൻഡിപി വോട്ടുകൾ തിരിച്ചുവന്നു. രാഷ്ട്രീയേതര ഘടകങ്ങൾ കാര്യമായ പങ്കു വഹിക്കുന്ന മണ്ഡലത്തിലെ വലിയ ജയം ലോക്സഭാ തിരഞ്ഞെടുപ്പിനെ ശുഭപ്രതീക്ഷയോടെ സമീപിക്കാനുള്ള ആത്മവിശ്വാസമാണു സിപിഎമ്മിനു നൽകിയിരിക്കുന്നത്.
യുഡിഎഫ്
എല്ലാ കണക്കുകൂട്ടലും പിഴച്ചുവെന്ന നിരാശയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. പരമ്പരാഗത ശക്തികേന്ദ്രമായ മണ്ഡലത്തിലെ ഒരു പഞ്ചായത്തിൽപ്പോലും മുന്നിൽ വരാത്ത നില അവർ പ്രതീക്ഷിച്ചിരുന്നതേയില്ല. കുടുംബയോഗങ്ങൾക്കപ്പുറം വീടുകളിൽ വരെ നേരിട്ടെത്തിയുള്ള ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അധ്വാനം ഗുണം ചെയ്തില്ല. പലതവണ തഴയപ്പെട്ടശേഷം സ്ഥാനാർഥിയായ ഡി. വിജയകുമാറിനോടുള്ള സഹതാപവും പ്രതീക്ഷിച്ചപോലെ വോട്ടായില്ല. കെ.എം.മാണിയുടെ പിന്തുണ ചെങ്ങന്നൂരിൽ ഉറപ്പാക്കിയതു ന്യൂനപക്ഷ സമാഹരണത്തിന് ആക്കം കൂട്ടുമെന്നാണ് കരുതിയതെങ്കിൽ അതു ഘടകമേ ആയില്ല.
വൈകിയ വേളയിൽ നാടകീയമായി യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ച മാണിയുടെ തീരുമാനം അദ്ദേഹത്തിന്റെ വിലപേശൽ ശേഷി കുറയ്ക്കുന്നതിന് വഴിവച്ചു. പ്രതിപക്ഷത്തിന്റെ പ്രവർത്തനശൈലിയും കോൺഗ്രസിന്റെ സംഘടനാ ദൗർബല്യവും ചൂണ്ടിക്കാട്ടിയുള്ള തിരുത്തലുകളിലേക്ക് ഇതോടെ യുഡിഎഫിനും കോൺഗ്രസിനും കടക്കേണ്ടിവരും. കെപിസിസി നേതൃത്വത്തിൽ അഴിച്ചുപണിക്ക് എല്ലാ സാധ്യതയുമുണ്ട്. വിവിധ വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതു തൊട്ട് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു മാനേജ്മെന്റ് രീതി വരെയുള്ള കാര്യങ്ങളിൽ ഇപ്പോഴത്തെ പോക്ക് അഭികാമ്യമല്ലെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
ബിജെപി
ബിഡിജെഎസ് ഒപ്പമില്ലാത്തപ്പോഴും കിട്ടിയ 35,270 വോട്ട് ഒറ്റയ്ക്കു പാർട്ടി നേടിയതാണെന്നാണ് ബിജെപിയുടെ അവകാശവാദം. അങ്ങനെ പറയുമ്പോഴും വേങ്ങരയ്ക്കു പിന്നാലെ ഇവിടെയും വോട്ടു കുറയുകയാണ് ഉണ്ടായതെന്നതു പാർട്ടിക്കു കണക്കിലെടുക്കേണ്ടി വരും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവിലുണ്ടാക്കുന്ന മുന്നേറ്റം കേരളത്തിൽ കഴിയുന്നില്ല. ബിഡിജെസ് പിണങ്ങിയതാണു ചെങ്ങന്നൂരിലെ ചോർച്ചയ്ക്കു കാരണമെങ്കിൽ അതു പരിഹരിക്കേണ്ടി വരും. കുമ്മനത്തിനു പകരമെത്തുന്ന പുതിയ പ്രസിഡന്റിന് തികഞ്ഞ പ്രതീക്ഷയോടെ ആ ചുമതലയേൽക്കാനുള്ള ആത്മവിശ്വാസം ചെങ്ങന്നൂർ ബിജെപിക്കു സമ്മാനിച്ചിട്ടില്ല.