തിരുവനന്തപുരം∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ അധികാര പരിധിയിൽ വരാത്ത കാര്യങ്ങളിൽ ഇടപെടുകയും തെറ്റായ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നത് അഭികാമ്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ലാത്വിയൻ വനിതയുടെ കൊലപാതകം, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം എന്നീ സംഭവങ്ങളിൽ കൃത്യമായ അന്വേഷണം നടത്താതെ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്രകടനം നടത്തിയത് അനുയോജ്യമല്ല.
മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു പരാതി ലഭിക്കുകയോ ലംഘനം നടന്നെന്നു ബോധ്യപ്പെടുകയോ ചെയ്താൽ കമ്മിഷനു കേസെടുത്ത്് അന്വേഷിക്കാം. ഇത്തരം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി സ്വീകരിക്കേണ്ട നടപടി സർക്കാരിനോടു ശുപാർശ ചെയ്യാനുള്ള അധികാരമാണു കമ്മിഷനുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു.