തിരുവനന്തപുരം/മലപ്പുറം∙ എടപ്പാൾ തിയറ്റർ പീഡനക്കേസിൽ തിയറ്റർ ഉടമ ഇ.സി.സതീശനെ പ്രതിയാക്കിയ പൊലീസ് നടപടി പിൻവലിക്കും. സതീശനെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി മുഖ്യസാക്ഷിയാക്കി കേസ് തുടരണമെന്ന സർക്കാരിന്റെ നിയമോപദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറിനു കൈമാറി. സതീശൻ, തിയറ്റർ മാനേജർ, ജീവനക്കാരൻ, ചൈൽഡ്‌ലൈൻ പ്രവർത്തകൻ എന്നിവരുടെ സാക്ഷിമൊഴി ഇന്നലെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുൻപാകെ രേഖപ്പെടുത്തി.
സതീശനെ പ്രതിയാക്കിയ നടപടി വിവാദമായ പശ്‌ചാത്തലത്തിലാണ് സർക്കാരിന്റെയും പൊലീസിന്റെയും മുഖംരക്ഷിക്കൽ നടപടി. സതീശനെ അറസ്‌റ്റ് ചെയ്‌ത ഡിസിആർബി ഡിവൈഎസ്‌പി ഷാജി വർഗീസിനെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. സതീശനെ പ്രതിയാക്കിയ നടപടിയിൽ നിയമപരമായി തെറ്റില്ലെങ്കിലും നിയമോപദേശം തേടണമായിരുന്നെന്ന് തൃശൂർ റേഞ്ച് ഐജി എം.ആർ.അജിത് കുമാർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ, നടപടി ശരിയായില്ലെന്ന വ്യക്തമായ ഉപദേശമാണ് പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറൽ നൽകിയത്. പൊലീസ് നടപടിയിലൂടെ കേസിലെ മുഖ്യസാക്ഷിയെ നഷ്‌ടമാകുന്ന സ്‌ഥിതി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണു സർക്കാർ നടപടി.
സംഭവം അറിയിക്കാൻ വൈകിയെന്നു പറഞ്ഞാണ് സതീശനെ അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണം ഇന്നലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഐജി എസ്.ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസാണ് കേസ് അന്വേഷിക്കുന്നത്. കേസ് ഡയറിയും മറ്റു രേഖകളും അന്വേഷണ സംഘം ഏറ്റെടുത്തു. കേസ് കൈകാര്യം ചെയ്തിൽ ന്യൂനതകളുണ്ടെന്നാണ് രേഖകൾ പരിശോധിച്ച ശേഷം ക്രൈംബ്രാഞ്ച് വിലയിരുത്തൽ. ഇതു പരിഹരിച്ച ശേഷമാകും തുടർനടപടി.
അന്വേഷണം ഏറ്റെടുത്ത കാര്യം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയെ അറിയിക്കും. മഞ്ചേരി പോക്സോ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.