തിരുവനന്തപുരം∙ ഏഴുകൊല്ലം നീണ്ട പ്രണയത്തിനുശേഷം വിവാഹിതരായ ദിവസം പെൺകുട്ടി അറിഞ്ഞത് ഭർത്താവു പെണ്ണാണെന്ന വിവരം. ടെക്നോപാർക്ക് വളപ്പിൽ മൊട്ടിട്ട പ്രണയമാണു വിവാഹത്തിലും പിന്നീടു വേർപിരിയലിലും എത്തിയത്.
പെൺകുട്ടിയുടെ സ്വർണം തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണോ എന്നു സംശയമുണ്ടെങ്കിലും പരാതിയില്ലാത്തതിനാൽ പൊലീസ് നടപടി എടുത്തിട്ടില്ല. ടെക്നോപാർക്കിലെ ജീവനക്കാരിയാണു പെൺകുട്ടി. ‘ഭർത്താവ്’ അവിടെ താൽക്കാലിക ജീവനക്കാരനെന്നാണു സൂചന.
കൊല്ലത്തെ വിലാസവും ശ്രീറാം എന്ന പേരുമാണ് പരിചയപ്പെടുമ്പോൾ യുവാവു നൽകിയിരുന്നത്.വിവാഹ മുഹൂർത്തത്തിനു മിനിറ്റുകൾ മുൻപു ടാക്സിയിൽ ഒറ്റയ്ക്കു വരനെത്തി. ‘വരുന്ന വഴിയിൽ അപകടം ഉണ്ടായെന്നും ബന്ധുക്കളൊക്കെ ഉടനെത്തും’ എന്നുമായിരുന്നു മറുപടി. ‘മുഹൂർത്തം തെറ്റിക്കാതെ വിവാഹം നടത്താൻ താൻ നേരത്തേ എത്തി’ എന്നും വിശദീകരിച്ചു. വിവാഹം കഴിഞ്ഞിട്ടും വരന്റെ ബന്ധുക്കളെത്തിയില്ല. പെൺകുട്ടിയുടെ ബന്ധുക്കൾ വരന്റെ വീട്ടിലെത്തിയപ്പോൾ അവിടെയും ആരുമില്ല. ഒറ്റമുറിയുള്ള വാടക വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.
സംശയം തീരാഞ്ഞതിനാൽ മടങ്ങാൻ നേരം പെൺകുട്ടിയുടെ ആഭരണങ്ങൾ ബന്ധുക്കൾ ഊരിവാങ്ങി. മണിയറയിൽ ഇരിക്കവെയാണ് അപ്രതീക്ഷിതമായി വരന്റെ സുഹൃത്തിന്റെ ഫോൺവിളിയെത്തിയത്.
‘വരൻ ആണല്ല പെണ്ണാണ്. വേഗം രക്ഷപ്പെട്ടോളൂ’ എന്നായിരുന്നു സന്ദേശം.മുറിയിലെത്തിയ വരൻ സംസാരത്തിനിടയ്ക്ക്, കുറച്ചു കടമുണ്ടെന്നും അതു തീർക്കാൻ ആഭരണങ്ങൾ വേണമെന്നും ആവശ്യപ്പെട്ടതോടെ വധു അപകടം മണത്തു. ഇതിനിടെ ഫോൺ വഴി വിവരം പെൺകുട്ടി വീട്ടിലും അറിയിച്ചു. വരനെയും കൂട്ടി എത്താൻ വീട്ടുകാർ നിർദേശിച്ചു.
പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇരുവരെയും ഉടനെ സമീപത്തെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പരിശോധനയിൽ ‘വരൻ’ പെണ്ണായിരുന്നുവെന്നു തിരിച്ചറിഞ്ഞു. ബന്ധുക്കൾ പരാതി നൽകാത്തതിനാൽ കേസെടുക്കാൻ കഴിയാതെ ‘അവളെ’ പൊലീസ് പറഞ്ഞുവിടുകയും ചെയ്തു.