തിരുവനന്തപുരം∙ കാലവർഷം ശക്തമായതോടെ വടക്കൻ കേരളത്തിൽ പനി പടരുന്നു. വൈകാതെ തെക്കൻ കേരളത്തിലും പനി ശക്തമാകുമെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.
മഴ തുടങ്ങിയശേഷം ഡെങ്കിപ്പനി ബാധിച്ചു മൂന്നുപേർ മരിച്ചു. ഇതോടെ, ഈ വർഷം 31 പേരാണു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത്. മഴക്കാലം ആരംഭിച്ചശേഷം ഇതുവരെ 1961 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണു പനിബാധിതരേറെയും. കാസർകോട് ജില്ലയിലാണു കൂടുതൽ പേർ ചികിത്സ തേടിയത്. കഴിഞ്ഞവർഷത്തെക്കാൾ കൂടുതൽ പേർക്ക് ഇവിടെ പനി സ്ഥിരീകരിച്ചു.
കാസർകോട് ജില്ലയിലെ മധുർ, കുമ്പള, ചെമ്മനാട്, ബദിയടുക്ക, ബലാൽ പ്രദേശങ്ങളിലും കാഞ്ഞങ്ങാട്, കാസർകോട് മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമുള്ള ആശുപത്രികളിൽ രോഗികൾ കൂടിവരികയാണ്. കണ്ണൂർ ജില്ലയിലെ കേളകം, ഇരിക്കൂർ, കൂത്തുപറമ്പ് പ്രദേശങ്ങളിലാണു കൂടുതൽ പേർക്കു പനി ബാധിച്ചത്. കോഴിക്കോട് ജില്ലയിൽ അത്തോളിയിലാണു കൂടുതൽ പനിബാധിതർ.
എറണാകുളത്തും പത്തനംതിട്ടയിലും പനി വ്യാപകമാകുന്നു. എറണാകുളം ജില്ലയിലെ കാഞ്ഞൂർ, രായമംഗലം, ചൊവ്വര, കിഴക്കമ്പലം, അങ്കമാലി എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ വല്ലന, ഇലന്തൂർ, ഓതറ എന്നീ പ്രദേശങ്ങളിലും പനി പടർന്നുപിടിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലെ ആശുപത്രികളിൽ മഴക്കാലത്തിനുശേഷം പനിബാധിതർ വർധിച്ചു.
മാലിന്യനീക്കം വിജയിക്കാൻ ജനകീയ പങ്കാളിത്തം വേണം
ഇടയ്ക്കിടെയുള്ള വേനൽമഴയും ജനവാസകേന്ദ്രങ്ങളിലെ മാലിന്യക്കൂമ്പാരവുമാണു പനി വ്യാപകമാക്കുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ.
മഴ തുടർച്ചയായി പെയ്താൽ കൊതുക് മുട്ടയിട്ടു പെരുകില്ല. മഴക്കാലമായിട്ടും പല സ്ഥലങ്ങളിലും ശുചീകരണം മന്ദഗതിയിലാണ്. സർക്കാർ വകുപ്പുകൾക്കു പുറമെ ജനകീയ കൂട്ടായ്മകളുടെയും പങ്കാളിത്തമില്ലാതെ മാലിന്യനീക്കം വിജയിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പനിബാധിതർ ഏറെയുള്ള പ്രദേശങ്ങളിലെ വീടുകൾ സന്ദർശിച്ച ആരോഗ്യവകുപ്പു ജീവനക്കാർ ശുചിത്വമില്ലായ്മ രോഗവ്യാപനത്തിനു കാരണമാകുന്നുവെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാത്രങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിടുന്നുവെങ്കിലും താമസക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.