കോട്ടയം ∙ പി.ജെ.കുര്യന്റെ പരാമർശത്തിനു മറുപടി നൽകേണ്ടതു യുവ എംഎൽഎമാരെന്ന് ഉമ്മൻ ചാണ്ടി. ആരുടെയെങ്കിലും ചട്ടുകമായി പ്രവർത്തിച്ചോയെന്ന് അവർ തന്നെ വ്യക്തമാക്കണം. പി. ജെ. കുര്യൻ ഹൈക്കമാൻഡിനു പരാതി നൽകുന്നതു നല്ല കാര്യമാണ്. രാഹുൽ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്നതിനു മറുപടി പറയേണ്ടതു കെപിസിസി അധ്യക്ഷൻ എം.എം.ഹസനും രമേശ് ചെന്നിത്തലയുമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പന്തളം സുധാകരൻ: ഹൈക്കമാൻഡ് ഇടപെടാത്ത സാഹചര്യത്തിൽ എ.കെ. ആന്റണി പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. അപകടകരമായ സാമൂഹിക ധ്രുവീകരണം ഒഴിവാക്കാൻ ശ്രമിക്കണം. ഒരാളെ ഉന്നംവച്ചുള്ള നീക്കങ്ങൾ ബൂമറാങ് ആയി മാറിയതിന്റെ കെടുതികളാണിപ്പോഴത്തേത്.
പി.ടി. തോമസ്: രാജ്യസഭാ സീറ്റ് സ്വകാര്യസ്വത്തുപോലെ തീരുമാനിച്ചതു ശരിയായില്ല. സീറ്റു നിർണയത്തിൽ കൂടിയാലോചനയുണ്ടായില്ല. എന്തോ മൂടിവയ്ക്കാനുള്ളതുപോലെയായിരുന്നു നീക്കങ്ങൾ.
ഷാഫി പറമ്പിൽ: ഞാൻ ആരുടെയും ചട്ടുകമോ മൈക്കോ ആയിട്ടില്ല. അച്ചടക്കത്തെക്കുറിച്ച് ആദ്യം ഉപദേശിച്ച പി.ജെ.കുര്യൻ രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോൾ പുരപ്പുറത്ത് കയറി എന്തും വിളിച്ചു പറയുന്ന അവസ്ഥയിലായി. അഭിപ്രായം പറയുന്നവരൊക്കെ ചട്ടുകവും മൈക്കും ആകുന്നതെങ്ങനെയാണ്. നിലപാട് എപ്പോഴും പറയും.
കുര്യന്റെ വീട്ടിൽ ആന്റോ ആന്റണി
പത്തനംതിട്ട ∙ പി.ജ. കുര്യനുമായി ആന്റോ ആന്റണി എംപി വീട്ടിലെത്തി സംസാരിച്ചു. എന്നാൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നായിരുന്നു ആന്റോയുടെ പ്രതികരണം. വൈകിട്ട് ഏഴുമണിയോടെ മുൻ എംഎൽഎ ശിവദാസൻ നായരുടെ ആറന്മുളയിലെ വസതിയിലെത്തിയ പി.ജെ. കുര്യൻ ഒന്നരമണിക്കൂറോളം അവിടെ ചെലവഴിച്ചു. ശിവദാസൻ നായരുടെ ഭാര്യാമാതാവ് മരിച്ചപ്പോൾ എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നും അനുശോചനം അറിയിക്കാനെത്തിയതാണന്നും കുര്യൻ പറഞ്ഞു.