വൈദ്യുതി നിരക്കു കൂട്ടാതെ നിവൃത്തിയില്ലെന്നു മന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു വർധിപ്പിക്കാതെ മറ്റു വഴിയില്ലെന്നു മന്ത്രി എം.എം.മണി. വൈദ്യുതി ബോർഡിന് 7300 കോടിയുടെ കടബാധ്യതയുണ്ട്. വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 70% പുറത്തുനിന്നു വാങ്ങുന്നതാണ്. ചെലവിനനുസരിച്ചു നിരക്കു കൂട്ടിയില്ലെങ്കിൽ ബോർഡ് പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ വീടുകളിലെയും തെരുവിലെയും മുഴുവൻ ബൾബുകളും സിഎഫ്എല്ലും ട്യൂബും മാറ്റി പകരം എൽഇഡി ആക്കുന്ന പദ്ധതി സർക്കാർ നടപ്പാക്കും. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെയും അഭിപ്രായം. എന്നാൽ, മറ്റു രാഷ്ട്രീയകക്ഷികൾ എതിർക്കുന്നു. എല്ലാവരും യോജിക്കുന്ന സാഹചര്യം ഉണ്ടായാൽ ടെൻഡർ വിളിക്കാം. സൈലന്റ്‌വാലി പദ്ധതിക്ക് അനുമതി നിഷേധിച്ചപ്പോൾ പകരം പൂയംകുട്ടി നൽകാമെന്നു കേന്ദ്രം സമ്മതിച്ചിരുന്നു. പൂയംകുട്ടിക്ക് ഇപ്പോഴും സാധ്യതയുണ്ട്.

സ്മാർട്ട് മീറ്റർ ടെൻഡറുമായി ബോർഡ് മുന്നോട്ടുപോവുകയാണ്. 200 യൂണിറ്റിലേറെ ഉപയോഗിക്കുന്നവർക്കെല്ലാം സ്മാർട്ട് മീറ്റർ സ്ഥാപിക്കും. അതോടെ, ഓഫിസിൽ ഇരുന്നു റീഡിങ് എടുക്കാനും വൈദ്യുതിബന്ധം വിച്ഛേദിക്കാനുമെല്ലാം സാധിക്കും. ജീവനക്കാരെ ആരെയും പിരിച്ചുവിടില്ല. വിഴിഞ്ഞത്തു തിരമാലയിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പൈലറ്റ് പദ്ധതി സ്ഥാപിക്കും. ലോകത്തൊരിടത്തും തിരമാലയിൽനിന്നു വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നില്ല.

ഇപ്പോൾ പണി നടക്കുന്ന 10 ജലവൈദ്യുത നിലയങ്ങളിൽനിന്നു 190 മെഗാവാട്ടും പുതിയതായി തുടങ്ങുന്ന 13 പദ്ധതികളിൽ നിന്നായി 125 മെഗാവാട്ടും ഉൽപാദിപ്പിക്കും. രണ്ടു കൊല്ലം കൊണ്ട് 156 മെഗാവാട്ട് പുതിയതായി ഉൽപാദിപ്പിക്കാനായി. ഇതിൽ 110 മെഗാവാട്ട് സോളർ നിലയങ്ങളിൽ നിന്നും 24 മെഗാവാട്ട് കാറ്റാടി നിലയങ്ങളിൽ നിന്നും 22 മെഗാവാട്ട് ജലവൈദ്യുത നിലയങ്ങളിൽ നിന്നുമാണ്.

കൂടംകുളം ലൈൻ ഡിസംബറിൽ പൂർത്തിയാക്കും. പ്രസരണ ശൃംഖല ശക്തമാക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയുടെ ഒന്നാം ഘട്ടം 2021ൽ പൂർത്തിയാകും. സമ്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നൽകിയ 1.52 ലക്ഷം ഉൾപ്പെടെ 7.85 ലക്ഷം കണക്‌ഷൻ രണ്ടുവർഷം കൊണ്ടു നൽകി. കാലവർഷക്കെടുതി മൂലം 12 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. വൈദ്യുതി മേഖലയിൽ അടുത്ത മൂന്നുവർഷം നടപ്പാക്കുന്ന പദ്ധതികൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമെന്നും മന്ത്രി മണി അറിയിച്ചു.