ന്യൂഡൽഹി ∙ കേരളത്തിന് എയിംസ് അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തോട് ആവർത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. അത്യാധുനിക ആരോഗ്യ സംരക്ഷണ കേന്ദ്രം സംസ്ഥാനത്തു സജ്ജമാക്കേണ്ടതിന്റെ അനിവാര്യത നിപ്പ രോഗബാധ വ്യക്തമാക്കിയെന്നും രാജ്യത്ത് എയിംസ് അനുവദിക്കാത്ത ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്നാണു കേരളമെന്നും നിതി ആയോഗ് ജനറൽ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എം.എസ്.സ്വാമിനാഥൻ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ റബറിനു താങ്ങുവില പ്രഖ്യാപിക്കണമെന്നും വിലത്തകർച്ചമൂലം കർഷകർ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിഭവനിൽ നടന്ന യോഗത്തിൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയും പങ്കെടുത്തു.
യോഗത്തിൽ കേരളം മുന്നോട്ടുവച്ച മറ്റ് ആവശ്യങ്ങൾ:
∙ നാളികേര കർഷകരെ പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ കൊപ്രയ്ക്കു താങ്ങുവില പ്രഖ്യാപിക്കണം.
∙ ഈ വർഷം സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽനിന്നു ഗൾഫ് മേഖലയിലെ വിമാനക്കമ്പനികളുടെ രണ്ടുവീതം സർവീസുകൾ ദിവസേന അനുവദിക്കണം.
∙ നിതി ആയോഗിന്റെ നേട്ടങ്ങളും പോരായ്മകളും വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ സമിതി രൂപീകരിക്കണം. അടുത്ത കൗൺസിൽ യോഗത്തിൽ സമിതിയുടെ നിർദേശങ്ങൾ പരിഗണിക്കണം.
∙ സംസ്ഥാനങ്ങൾക്കുള്ള വിഭവ വിതരണത്തിൽ കേന്ദ്രം തുല്യത ഉറപ്പാക്കണം.
∙ തിരുവനന്തപുരം – കാസർകോട് അതിവേഗ റെയിൽ പാതയ്ക്കു കേന്ദ്രത്തിന്റെ തത്വത്തിലുള്ള അനുമതി ആവശ്യം. തീരദേശ – മലയോര ദേശീയപാതകൾ, ശബരി റെയിൽപാത എന്നിവയുടെ പൂർത്തീകരണത്തിനും കേന്ദ്രം സഹായം ലഭ്യമാക്കണം.
∙ അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷം കുടുംബങ്ങൾക്കു വീടു നിർമിക്കും. ഗ്രാമീണ മേഖലയിൽ വീടുകളുടെ നിർമാണത്തിനു കേന്ദ്രം കൈത്താങ്ങേകണം.
∙ ജലഗതാഗതത്തിന്റെ വികസനം, ആരോഗ്യ മേഖലയിലെ ആർദ്രം പദ്ധതി, വൈദ്യുതി മേഖലയിലെ എൽഇഡി കേരള മിഷൻ എന്നിവയ്ക്കും കേന്ദ്രസഹായം ലഭ്യമാക്കണം.
കേരളത്തിന്റെ പരാതികൾ:
∙ കേന്ദ്രസർക്കാരിന്റെ ചരക്ക്, സേവന നികുതി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനു വലിയ വരുമാന നഷ്ടമുണ്ടാക്കി.
∙ പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ ആശങ്ക സൃഷ്ടിക്കുന്നു.