പ്രണയം കൊതിച്ചു; ജീവിതം തകർത്തു

sam-sofia-file
സാം ഏബ്രഹാമിന്റെ മൃതദേഹത്തിനരികെ ഭാര്യ സോഫിയ (ഫയൽചിത്രം)

മെൽബൺ∙ വഴിവിട്ട പ്രണയക്കുരുക്കിലായ സോഫിയയും അരുണും ചെയ്ത അരുംകൊലയ്ക്കു മറുവിലയായി നൽകേണ്ടിവരുന്നത് ഇരുവരുടെയും ജീവിതം തന്നെ. കാമുകനുമൊത്തു സുഖജീവിതം സ്വപ്നം കണ്ട് ഭർത്താവിന്റെ ജീവനെടുത്ത സോഫിയയ്ക്ക് ഇപ്പോൾ 32 വയസ്സ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ 54 വയസ്സാകും. മുപ്പത്തിനാലുകാരൻ അരുൺ പുറത്തിറങ്ങുന്നത് 61 വയസ്സിലായിരിക്കും.

കോളജിൽ ആരംഭിച്ച തീവ്രപ്രണയത്തിന്റെ ഒടുവിലാണ് സാമും സോഫിയയും വിവാഹിതരായതെന്നതു കഥയിലെ മറ്റൊരു വൈരുധ്യം. കോട്ടയത്ത്‌ കോളജിൽ പഠിക്കുമ്പോഴാണ് സോഫിയ സാമുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. പിന്നീട് വിവാഹിതരായ ഇരുവരും ഓസ്ട്രേലിയയിൽ എത്തുകയും ചെയ്തു.

സാമുമായി അടുപ്പത്തിലായിരിക്കുമ്പോൾത്തന്നെ കൊല്ലം സ്വദേശിയും അതേ കോളജിലെ വിദ്യാർഥിയുമായ അരുണുമായും സോഫിയ ബന്ധം സ്ഥാപിച്ചിരുന്നു. വിവാഹത്തിനു ശേഷവും ആ അടുപ്പം നിലനിർത്തിയ സോഫിയ പിന്നീട് അരുൺ ഓസ്ട്രേലിയയിൽ എത്തിയതോടെ കൂടുതൽ തീവ്രമായ ബന്ധത്തിലായി. ഈ ബന്ധം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനാണ് സാമിനെ ഇല്ലാതാക്കാൻ തീരുമാനിച്ചത്.

സാമിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ച ശേഷം സോഫിയ മെൽബണിലേക്കു മടങ്ങി. ഏതാനും മാസത്തിനുശേഷം താമസിച്ചിരുന്ന വീട് ഒഴിഞ്ഞ് മറ്റൊരു വീട്ടിലേക്ക് ഇവർ താമസം മാറ്റി. പത്തു മാസത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിൽ സോഫിയയും അരുണും അറസ്റ്റിൽ ആകുന്നതുവരെ സാമിന്റേതു സാധാരണ മരണം എന്നാണു ബന്ധുക്കളും സുഹൃത്തുക്കളും വിശ്വസിച്ചിരുന്നത്. ആകസ്മിക മരണം എന്നു വിശ്വസിച്ച മെൽബൺ മലയാളികൾ, സാമിന്റെ മരണത്തെത്തുടർന്നു സാമ്പത്തികമായി പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ മുപ്പതിനായിരം ഡോളർ സ്വരൂപിച്ച് സോഫിയയ്ക്ക് നൽകിയിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ ആന്തരാവയവങ്ങളിൽ സയനൈഡിന്റെ അംശം കാണപ്പെട്ടതിൽ പൊലീസിന് സംശയം തോന്നി. അതീവ രഹസ്യമായി ഡിറ്റക്ടീവ് വിഭാഗം നടത്തിയ അന്വേഷണത്തിൽ സോഫിയയും അരുണും കുരുക്കിലായി. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങൾ നിർണായക തെളിവായി. സോഫിയയും അരുണും തമ്മിൽ ആറായിരത്തോളം തവണ ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. 100 മണിക്കൂറോളം വരുന്ന ഈ സംഭാഷണങ്ങളത്രയും മലയാളത്തിൽ നിന്ന് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി കോടതിയിൽ സമർപ്പിച്ചു.

മരിക്കുന്നതിനു മൂന്നു മാസം മുൻപ് സാമിനെതിരെ റെയിൽവേ സ്റ്റേഷൻ പാ‍ർക്കിങ്ങിൽ ഉണ്ടായ കൊലപാതകശ്രമം അന്വേഷിച്ച പൊലീസിന്റെ നിരീക്ഷണം അരുണിലേക്കും സോഫിയയിലേക്കും ചെന്നെത്തുകയായിരുന്നു. പലവട്ടം സാമിനെ കൊലപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾ വിജയിക്കാതെ വന്നപ്പോഴാണ് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകാൻ ഇവർ തീരുമാനിച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ജനുവരി 29നാണ് 14 അംഗ ജൂറിക്കു മുമ്പിൽ വിചാരണ ആരംഭിച്ചത്. രണ്ടാഴ്ച നീണ്ട വിചാരണയ്ക്കൊടുവിൽ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തി. മകന്റെ ഭാവിയെ കരുതി കുറഞ്ഞ ശിക്ഷ നൽകണമെന്ന് സോഫിയ അപേക്ഷിച്ചപ്പോൾ, മകനോടൊപ്പം ഒരേ കട്ടിലിൽ ഉറങ്ങിക്കിടന്ന ഭർത്താവിനു വിഷം നൽകുമ്പോൾ മകനെക്കുറിച്ചു പ്രതി ചിന്തിച്ചില്ലെന്നും അവൻ ഉറക്കമുണരുമ്പോൾ തൊട്ടടുത്ത്‌ പിതാവ് മരിച്ചുകിടക്കുന്നത് കാണേണ്ടിവരുമെന്ന കാര്യം പരിഗണിച്ചില്ലെന്നും അതിനാൽ കടുത്ത ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അരുണിനു മാനസിക പ്രശ്നങ്ങളുണ്ടെന്നു തെളിയിക്കാനായി ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമുള്ള വിദഗ്ധരുടെ റിപ്പോർട്ടുകൾ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. അരുണിനെ ശിക്ഷിച്ചാൽ കേരളത്തിലുള്ള തങ്ങൾ പ്രതിസന്ധിയിലാകുമെന്നു കാട്ടി ഭാര്യയും കുട്ടിയും പ്രായമായ മാതാപിതാക്കളും കത്തെഴുതിയിരുന്നെങ്കിലും അതിനെല്ലാം ഉത്തരവാദി അരുൺ ആണെന്നതിനാൽ പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

ഓസ്ട്രേലിയയിൽ മലയാളിക്ക് കിട്ടുന്ന കടുത്ത ശിക്ഷ

ഓസ്ട്രേലിയയിൽ മലയാളിക്ക് കാൽ നൂറ്റാണ്ടിലധികം ജയിൽവാസം അനുഭവിക്കേണ്ടിവരുന്ന ശിക്ഷ ഇതാദ്യം. യഥാസമയം ചികിത്സ നൽകാതെ കുഞ്ഞു മരിച്ചതിനെത്തുടർന്ന് മലയാളി ദമ്പതികൾക്ക് 12 വർഷം ജയിൽവാസം അനുഭവിക്കേണ്ടി വന്നതാണ്‌ അറിയാൻ കഴിയുന്ന വലിയ ശിക്ഷ. അടുത്തയിടെ മെൽബണിൽ മലയാളി യുവതി ഓടിച്ച കാർ ഇടിച്ച് ഗർഭിണിക്ക്‌ പരുക്കേൽക്കുകയും അവരുടെ ഗർഭസ്ഥശിശു മരിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.