തിരുവനന്തപുരം∙ റിയൽ എസ്റ്റേറ്റ് തട്ടിപ്പു തടയാൻ സർക്കാർ ചട്ടങ്ങൾ തയാറാക്കിയെങ്കിലും പരാതി കേൾക്കാൻ ഇനിയും അതോറിറ്റിക്കു രൂപം നൽകിയിട്ടില്ല. താൽക്കാലികമായി തദ്ദേശ സെക്രട്ടറിയെയാണ് അതോറിറ്റി അധ്യക്ഷനായി നിയമിച്ചതെങ്കിലും ഇൗ ചുമതല വഹിച്ചിരുന്ന ഡോ. ബി.അശോകിനെ വകുപ്പിൽനിന്നു മാറ്റിയിട്ട് ഒരു മാസമായി.
തദ്ദേശ സെക്രട്ടറിയെന്ന നിലയിൽ നിയമിക്കപ്പെട്ടയാൾ ആ സ്ഥാനത്തുനിന്നു മാറിയിട്ടും അതോറിറ്റിയായി തുടരുന്നത് നിയമക്കുരുക്കാകും. ഇൗ അതോറിറ്റി തീർപ്പു കൽപിക്കുന്ന കേസുകൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനും ഇടയുണ്ട്. അതോറിറ്റിക്കു പ്രവർത്തിക്കാൻ ആവശ്യമായ സ്റ്റാഫിനെയും നിയോഗിച്ചിട്ടില്ല.
ഒരു ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണു റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി. റിയൽ എസ്റ്റേറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് ഇൗ അതോറിറ്റിക്കു നടപടിയെടുക്കാം. സംസ്ഥാനത്തെ എല്ലാ റിയൽ എസ്റ്റേറ്റ് ഏജന്റുമാരും സ്ഥാപനങ്ങളും അതോറിറ്റിയിൽ റജിസ്റ്റർ ചെയ്യുകയും വേണം.
കേന്ദ്രം റേറ നിയമം പാസാക്കിയതിനു പിന്നാലെ മിക്ക സംസ്ഥാനങ്ങളും ചട്ടങ്ങൾ തയാറാക്കിയിരുന്നു. കേരളം ഉൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇൗ നാണക്കേട് ഒഴിവാക്കാനായി അതിവേഗത്തിൽ ഇപ്പോൾ കേരളം ചട്ടങ്ങൾ തയാറാക്കിയെങ്കിലും ഒട്ടേറെ അപാകതകൾ ചൂണ്ടിക്കാട്ടാനുണ്ട്.
∙ഓരോ റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഒറ്റത്തവണ റജിസ്റ്റർ ചെയ്യുന്നതിനു പുറമെ അവരുടെ ഓരോ പദ്ധതിയും റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഓരോ അപേക്ഷയ്ക്കും ഒപ്പം ഒട്ടേറെ രേഖകളും സമർപ്പിക്കണം. എന്നാൽ ഇവ ഓൺലൈനായി സമർപ്പിക്കാനുള്ള വ്യവസ്ഥ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ രേഖകൾ സമർപ്പിക്കാൻ പാടുപെടും.
∙അതോറിറ്റിയിലെ അംഗങ്ങൾ സർക്കാർ സർവീസിൽനിന്നു വിരമിക്കുന്നവരാണെങ്കിൽ അവസാനം കൈപ്പറ്റിയ ശമ്പളം നൽകണമെന്നും ചട്ടം പറയുന്നു. ചെയർമാനു കിട്ടുന്നതിനെക്കാൾ കൂടുതൽ ശമ്പളം അംഗങ്ങൾക്കു ലഭിക്കാൻ ഇതു വഴിയൊരുക്കാം.
∙അംഗങ്ങൾക്കെതിരെ ചെയർമാന് അച്ചടക്ക നടപടിയെടുക്കാമെന്ന വ്യവസ്ഥ അംഗങ്ങൾക്കു ഭിന്നാഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയാകാം.