തിരുവനന്തപുരം∙ ട്രെയിൻ യാത്രക്കാരെ വലയ്ക്കുന്ന പുതിയ സമയക്രമീകരണത്തിനെതിരെ ശക്തമായ പ്രതിഷേധം ദക്ഷിണ റെയിൽവേയെയും കേന്ദ്ര സർക്കാരിനെയും അറിയിച്ചുവെന്നു മന്ത്രി ജി.സുധാകരൻ നിയമസഭയിൽ അറിയിച്ചു. എം.നൗഷാദിന്റെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി.
ട്രെയിനുകൾ വൈകിയെത്തുന്ന സമയം ഔദ്യോഗിക സമയമാക്കി മാറ്റുന്ന വിചിത്രമായ ക്രമീകരണമാണു ദക്ഷിണ റെയിൽവേ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു കേരളത്തിലെ യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നു. തിരുവനന്തപുരത്തു ജോലിക്കും ആർസിസിയിലും മറ്റും ചികിത്സയ്ക്കുമെത്തുന്നവർക്കെല്ലാം ഇതു ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമ്മർദം തുടരുമെന്നു മന്ത്രി അറിയിച്ചു.