അമ്മയിലെ ഇടതു ജനപ്രതിനിധികൾ നാണക്കേടെന്ന് എഐവൈഎഫ്

തിരുവനന്തപുരം∙ അമ്മ സംഘടനയിലെ ഇടതു ജനപ്രതിനിധികൾക്കെതിരെ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് . സ്വന്തം സംഘടനയിലെ വനിതാ പ്രവർത്തക അപമാനിക്കപ്പെട്ടപ്പോൾ അവർക്കൊപ്പം നിൽക്കാതെ പ്രതിചേർക്കപ്പെട്ട ആളിനൊപ്പം നിൽക്കുന്ന അമ്മ സാംസ്‌കാരിക കേരളത്തിനാകെ അപമാനമാണെന്നു പറഞ്ഞ എഐവൈഎഫ് ജനറൽ സെക്രട്ടറി മഹേഷ് കക്കത്ത്, ഇടതു ജനപ്രതിനിധികളായ അമ്മ ഭാരവാഹികളും ഈ നിലപാടിനൊപ്പം നിൽക്കുന്നത് ഇടതുപക്ഷത്തിനുതന്നെ നാണക്കേടാണെന്നും വ്യക്തമാക്കി.

മോഹൻലാൽ അമ്മയുടെ പ്രസിഡന്റായതിനാലാണ് അദ്ദേഹത്തിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചതെന്നും ഫാൻസ് അസോസിയേഷന്റെ വിരട്ടലിൽ നിലപാടു മാറ്റുന്ന സംഘടനയല്ല തങ്ങളുടേതെന്നും മഹേഷ് പറഞ്ഞു സംഭവവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെയും ഫോണിലൂടെയും എഐവൈഎഫ് നേതാക്കൾക്കെതിരെ ഭീഷണി ഉയർത്തുകയാണു മോഹൻലാൽ ഫാൻസ് എന്ന പേരിൽ ഒരു സംഘം ക്രിമിനലുകൾ. ഇത്തരമാളുകൾക്കു താരങ്ങളുടെ പിന്തുണയും മൗനാനുവാദവുമുണ്ട്. എഐവൈഎഫ് പ്രവർത്തകർക്കു നേരെ കൊലവിളി നടത്തുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.