കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയിൽനിന്നു രാജിവച്ച നടിമാർ വന്നാൽ തിരിച്ചെടുക്കുമെന്നും അതിനു മാപ്പെഴുതി തരണമെന്നൊന്നും പറഞ്ഞിട്ടില്ലെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ. ‘‘മാപ്പൊക്കെ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട കാര്യങ്ങളല്ലേ. ചുമ്മാ എല്ലാത്തിനും മാപ്പ്, മാപ്പ് എന്നു പറയാനൊക്കുമോ’’– നിർവാഹക സമിതി യോഗത്തിനുശേഷം പുറത്തുവന്ന അദ്ദേഹം ചോദിച്ചു. ഡബ്ല്യുസിസി ഉന്നയിച്ച പരാതികൾ സംബന്ധിച്ചോ നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടോ യോഗം ചർച്ച ചെയ്തില്ലെന്നും അങ്ങനെ പരാതികളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്യാൻ ലക്ഷ്യമിട്ട് അമ്മ അടുത്ത ഏഴിനു ഗൾഫിൽ നടത്തുന്ന ഷോയുമായി ബന്ധപ്പെട്ട കാര്യങ്ങളാണു യോഗം മുഖ്യമായും ചർച്ചചെയ്തത്. സംഘടനയ്ക്കു സ്വന്തമായി ആസ്ഥാനമന്ദിരം വാങ്ങുന്നതു സംബന്ധിച്ചും ചർച്ച നടന്നു.
അമ്മ ഉൾപ്പെടെയുളള സംഘടനകളിൽ വനിതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭിഭാഷകൻ മറുപടി നൽകുമെന്നു വൈസ് പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ കോടതി നൽകുന്ന ഉത്തരവനുസരിച്ചു പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.