തൃശൂർ∙ മുതിർന്ന നേതാവ് എം.എം.വർഗീസ് (67) സിപിഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമാണ്. പാർട്ടി സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം, സ്റ്റേറ്റ് ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ, വിദേശമദ്യ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്, സിഐടിയു ജില്ലാ പ്രസിഡന്റ്, പേരാമ്പ്ര അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് പദവികളും വഹിക്കുന്നു.
ജില്ലാ സെക്രട്ടറിയായിരുന്ന കെ.രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും പ്രവർത്തനകേന്ദ്രം തിരുവനന്തപുരത്തേക്കു മാറ്റുകയും ചെയ്തതിനെ തുടർന്നാണു പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മന്ത്രി എ.സി.മൊയ്തീൻ, പി.കെ.ബിജു എംപി എന്നിവർ പങ്കെടുത്തു.