Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമായി ജയിലിൽ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

kunjananthan-and-pinarayi-vijayan ലാൽസലാം സഖാവേ...: കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിവാദ്യം ചെയ്യുന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ ശിക്ഷാതടവുകാരൻ പി.കെ.കുഞ്ഞനന്തൻ. മുഖ്യമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, കെ.കെ.രാഗേഷ് എംപി, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വത്സൻ എന്നിവർ സമീപം. ടിപി കേസിലെ തടവുകാരായ ടി.കെ.രജീഷ്, കെ.സി.രാമചന്ദ്രൻ എന്നിവർക്കു മുഖ്യമന്ത്രി കൂടിക്കാഴ്ച അനുവദിച്ചിരുന്നു. ചിത്രം: എം.ടി.വിധുരാജ്

കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കെ.സി.രാമചന്ദ്രൻ, ടി.കെ.രജീഷ് എന്നിവരുമായി കണ്ണൂർ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നൽകി. അവർ ഉൾപ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്.

ജയിൽ ഉപദേശകസമിതി അംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വത്സൻ പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി, ജയിൽ മേധാവി ആർ.ശ്രീലേഖ എന്നിവരും സെൻട്രൽ ജയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ മുറിയിലുണ്ടായിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ.കുഞ്ഞനന്തൻ മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാൽ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായി കൂടിക്കാഴ്ച വേണ്ടെന്നുവച്ചതെന്നു സൂചനയുണ്ട്. എങ്കിലും ജയിലിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ തടവുകാർക്കിടയിൽനിന്നു കുഞ്ഞനന്തൻ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്തു.

തടവുകാരുമായുള്ള കൂടിക്കാഴ്ചയിൽ ചില നിവേദനങ്ങൾ ലഭിച്ചെന്നും ചിലതു നടപ്പാക്കാൻ കഴിയാത്തവയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. തടവുകാർക്കു പ്രത്യേകമായി എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ സൂപ്രണ്ടിൽ നിന്നു കടലാസ് വാങ്ങി എഴുതി അറിയിക്കാമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. ജയിലിലെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത് രാവിലെ ഒൻപതരയ്ക്കാണെങ്കിലും തടവുകാരുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടി ഒൻപതിനു തന്നെ മുഖ്യമന്ത്രി ജയിലിലെത്തിയിരുന്നു. സ്വന്തം മണ്ഡലത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ നിന്നു മുസ്‌ലിം ലീഗ് കെ.എം.ഷാജി എംഎൽഎ വിട്ടുനിന്നു. പൊതുപരിപാടിയിൽ ഉദ്ഘാടകൻ മന്ത്രിയെങ്കിൽ സ്ഥലം എംഎൽഎയെ അധ്യക്ഷനാക്കണമെന്നാണു പ്രോട്ടോകോൾ. എന്നാൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൂടി പങ്കെടുക്കുന്നതിനാൽ അദ്ദേഹത്തെ അധ്യക്ഷനായും ഷാജിയെ മുഖ്യാതിഥിയായും സംഘാടകർ നിശ്ചയിക്കുകയായിരുന്നു.

related stories