തിരുവനന്തപുരം∙ എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്ക് അതിവേഗം ഇന്റർവ്യൂ നടത്തിയതുപോലെ യുപി സ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്കും കൂടുതൽ ബോർഡുകളെ നിയോഗിച്ച് അതിവേഗം ഇന്റർവ്യൂ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ജില്ലാതല പട്ടിക തയാറാക്കുന്നതിന് ഒരു ബോർഡ് വീതം ഇന്റർവ്യൂ നടത്തിയാൽ സമീപകാലത്തൊന്നും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് എൽപിഎസ്എ തസ്തികയിലേക്കു തലസ്ഥാനത്ത് ഒട്ടേറെ ബോർഡുകൾ ഇന്റർവ്യൂ നടത്തിയത്. ഇതേ മാതൃകയിൽ യുപിഎസ്എ തസ്തികയുടെ ഇന്റർവ്യൂവും നടത്താനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 20 ഇന്റർവ്യൂ ബോർഡ് വരെ രൂപീകരിക്കാനാകും.
അധ്യാപകരുടെ ധാരാളം ഒഴിവുകൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണു വേഗത്തിൽ റാങ്ക് പട്ടിക തയാറാക്കുന്നത്. രണ്ടു മാസംകൊണ്ട് ഈ ജോലി പൂർത്തിയാക്കും. എൽപിഎസ്എ തസ്തികയിലേക്കുള്ള നിയമന നടപടികൾ ഈ മാസം തീരും. ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ്സ് ലിമിറ്റഡിലെ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് ഒഴിവ്്, പ്ലാന്റേഷൻ കോർപറേഷനിലെ ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് പട്ടികയിൽനിന്നു നികത്തും. മിൽമയിൽ ജൂനിയർ അസിസ്റ്റന്റ്് (എൻസിഎ) തസ്തികയിലേക്ക് അഭിമുഖം നടത്തും.
വിവിധ കമ്പനി, ബോർഡ്, കോർപറേഷൻ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, എറണാകുളം, പാലക്കാട് ജില്ലകളിൽ പട്ടികവിഭാഗ വകുപ്പിൽ മെയിൽ വാർഡൻ, ഇതേ ജില്ലയിൽ പട്ടികവിഭാഗ വകുപ്പിൽ മെയിൽ വാർഡൻ (എൻസിഎ-എസ്‌സി) തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും ലീഗൽ മെട്രോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ഹയർ സെക്കൻഡറി ടീച്ചർ ബോട്ടണി (ജൂനിയർ), ഹയർ സെക്കൻഡറി ടീച്ചർ സംസ്കൃതം (ജൂനിയർ), ഹയർ സെക്കൻഡറി ടീച്ചർ സുവോളജി (ജൂനിയർ), ഹയർ സെക്കൻഡറി ടീച്ചർ പൊളിറ്റിക്കൽ സയൻസ് (പട്ടിക വർഗം), ചലച്ചിത്രവികസന കോർപറേഷനിൽ ഗാർഡ് (വിമുക്തഭടന്മാർ), സാങ്കേതികവിദ്യാഭ്യാസ വകുപ്പിൽ (എൻജീനിയറിങ് കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ സിവിൽ എൻജീനിയറിങ് (പട്ടികവിഭാഗം), ആലപ്പുഴ ജില്ലയിൽ ജയിൽ വകുപ്പിൽ വാർഡർ അറ്റൻഡന്റ് (എൻസിഎ-എസ്‌സി) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.