തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്‌വി) ആദരിച്ചു. നിപ്പ വൈറസ് ബാധ പ്രതിരോധിക്കുന്നതിനു കേരള സർക്കാർ എടുത്ത നടപടികൾക്കുള്ള അംഗീകാരമായാണു മുഖ്യമന്ത്രിയെ ഐഎച്ച്‌വി ആദരിച്ചത്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണു ഡോ. ഗെലോ. 1996-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ഹ്യൂമൻ വൈറോളജിയിൽ ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രവർത്തനകേന്ദ്രമാണ് ബാർടിമോർ ഐഎച്ച്‌വി. മന്ത്രി കെ.കെ.ശൈലജയും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിനു മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും അക്കാദമിക് വിഭാഗങ്ങളുടെ തലവൻമാരും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തി. ഗവേഷണ രംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു ചർച്ച ചെയ്തത്. ഡോ. എം.വി.പിള്ള, ഡോ. ശാർങ്ധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്വീകരണച്ചടങ്ങിൽ ഡോ. റോബർട്ട് ഗെലോ, ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ എന്നിവരും പ്രസംഗിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ.ശൈലജയും സ്വീകരണത്തിനു നന്ദി പറഞ്ഞു. അമേരിക്കയിലെ മലയാളി സംഘടനകളായ ഫൊക്കാന, ഫോമ എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
ഗവേഷണങ്ങളുമായി സഹകരിക്കാൻ അമേരിക്കൻ ഡോക്ടർമാർ
തിരുവനന്തപുരം∙ കേരളത്തിലെ ആരോഗ്യ മേഖലയിൽ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാൻ അമേരിക്കൻ ഡോക്ടർമാർ സന്നദ്ധത അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അമേരിക്കൻ സന്ദർശനത്തിനിടെ വിദഗ്ധ ഡോക്ടർമാരുമായി നടത്തിയ ചർച്ചകൾക്കിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
വയനാട് മാനന്തവാടിയിൽ വിദേശരാജ്യങ്ങളുടെ സഹകരണത്തോടെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ താൽപര്യമുണ്ടെന്നു തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിലെ സിഡ്‌നി കാർമൽ കാൻസർ സെന്ററിലെ മുതിർന്ന ഡോക്ടർമാരുമായുള്ള ചർച്ചയ്ക്കിടെ മന്ത്രി പറഞ്ഞു. ഗവേഷണത്തിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പംതന്നെ വിവിധ പകർച്ചവ്യാധി പ്രതിരോധത്തിനുള്ള മരുന്നുകളും കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രാഥമിക ചർച്ചകൾ മാത്രമാണ് ഇവിടെ നടന്നതെന്നും വിശദമായ ചർച്ചയ്ക്കുശേഷം ഒരു പ്രത്യേക പദ്ധതി റിപ്പോർട്ട് തന്നെ തയാറാക്കി മാനന്തവാടിയിൽ ആരോഗ്യവകുപ്പിനു ലഭ്യമായ സ്ഥലത്തു ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തോമസ് ജെഫേഴ്‌സൺ യൂണിവേഴ്‌സിറ്റിയിൽ, ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിൾസെൽ അനീമിയ എന്ന രോഗത്തെക്കുറിച്ചുള്ള ചർച്ചയിലും മന്ത്രി പങ്കെടുത്തു.
സിക്കിൾസെൽ അനീമിയ സംബന്ധിച്ച പഠനത്തിനു വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി കൂടിച്ചേർന്നു വിവിധങ്ങളായ ഗവേഷണങ്ങൾ ആരംഭിക്കാൻ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.