അവധിയറിയാൻ വിളിച്ചയാൾക്കു മറുപടി പരിഹാസം: ഹോംഗാർഡിനു താക്കീത്

കൽപറ്റ ∙ സ്കൂളിന് അവധിയാണോയെന്നറിയാൻ ഫോണിൽ ബന്ധപ്പെട്ട രക്ഷകർത്താവിനെ പരിഹസിച്ച ഉദ്യോഗസ്ഥനെതിരെ നടപടി. വയനാട് കലക്ടറേറ്റ് കൺട്രോൾ റൂമിൽ ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡാണ് രക്ഷകർത്താവിനെ കളിയാക്കിയത്. ഈ സംഭവത്തെക്കുറിച്ച് ഇന്നലെ മനോരമ റിപ്പോർട്ട് ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ ഹോം ഗാർഡിനെ ചേംബറിൽ വിളിച്ചുവരുത്തി താക്കീത് നൽകിയതായി കലക്ടർ ആർ. അജയകുമാർ പത്രക്കുറിപ്പിൽ അറിയിച്ചു.

വീഴ്ച സമ്മതിച്ച ഹോം ഗാർഡ്, അദ്ദേഹത്തിന്റെ തെറ്റായ പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്തു. മൂന്നു വിദ്യാർഥികളുടെ പിതാവായ വാളാട് സ്വദേശി മുഹമ്മദലി തിങ്കളാഴ്ച രാവിലെ ആറരയ്ക്കാണ് സ്കൂളിന് അവധിയുണ്ടോയെന്നറിയാൻ കലക്ടറേറ്റിലേക്ക് വിളിച്ചത്. സ്കൂൾ അവിടെത്തന്നെയുണ്ടല്ലോയെന്ന് പരിഹസിച്ച ഉദ്യോഗസ്ഥൻ, നിങ്ങൾ വിദ്യാഭ്യാസമുള്ള ആളല്ലേ, സ്കൂൾ ഉണ്ടോ എന്നാണോ, സ്കൂളിന് അവധിയുണ്ടോ എന്നല്ലേ ചോദിക്കേണ്ടത് എന്ന ഉപദേശവും കൊടുത്തു. രക്ഷകർത്താവും ഹോംഗാർഡും തമ്മിൽ നടന്ന സംഭാഷണം ഇങ്ങനെ :

മുഹമ്മദലി : സാറെ വാളാട്ന്നാ വിളിക്കുന്നെ, ഇന്ന് സ്കൂളുണ്ടാകുമോ എന്താ സ്ഥിതി അറിയാൻ വേണ്ടി വിളിച്ചതാ..

ഉദ്യോഗസ്ഥൻ : സ്കൂളുണ്ടല്ലോ സ്കൂളെവിടെപ്പോകാനാ!

മുഹമ്മദലി : അതല്ല, പഠനമുണ്ടാകുമോന്നുള്ളതാ?

ഉ : ഏ?

മുഹമ്മദലി : ഇന്ന് പഠിപ്പുണ്ടാകുമോ എന്നറിയാനാ..

ഉ : പഠിപ്പുണ്ടാകും പഠിപ്പുണ്ടാകും...എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കും.

മുഹമ്മദലി : അതെന്താ നിങ്ങൾ നിങ്ങളെ വിളിച്ചുചോദിക്കുമ്പോൾ സ്കൂൾ എവിടെപ്പോകാനാ എന്നുള്ള ചോദ്യം ചോദിക്കുന്നെ?

ഉ: അല്ല, സ്കൂളുണ്ടോ എന്നു പറയുമ്പോൾ പഠിത്തം ഉണ്ടോ എന്ന് ചോദിക്കണ്ടേ നിങ്ങൾ വിദ്യാഭ്യാസമുള്ളയാളല്ലേ, പഠിത്തമുണ്ടോ എന്നു ചോദിക്കലല്ലേ?...സ്കൂൾ എവിടെപ്പോകാനാ...(പിന്നീട് പറയുന്നത് വ്യക്തമല്ല)

മുഹമ്മദലി : ഞാനൊരു പഠിപ്പിക്കുന്ന ആളൊന്നുമല്ല, ‍ഞാനൊരു രക്ഷിതാവ് എന്ന നിലയ്ക്കാണു വിളിച്ചത്

ഉ : അല്ല അതുതന്നെയാണ് ചോദിച്ചത്. സ്കൂൾ അവിടെയുണ്ട്. സ്കൂൾ ഉണ്ടല്ലോ. സ്കൂൾ എവിടെപ്പോകാനാ? സ്കൂൾ..പഠിത്തമില്ല, പഠിത്തമുണ്ട്. പഠിത്തമുണ്ടെങ്കിൽ ടിവിയിലൊക്കെ അറിയിക്കും.

മുഹമ്മദലി : അല്ല , ഇങ്ങനെയുള്ള മറുപടി തരാനാണോ ഈ നമ്പർ ഞങ്ങൾക്കു വിട്ടുതന്നിട്ടുള്ളത്?

ഉ: അതല്ലേ പറഞ്ഞത്, പിന്നെ ഉണ്ടെങ്കിൽ അറിയിക്കുമെന്നു പറഞ്ഞില്ലേ?

മുഹമ്മദലി : അല്ല, അതല്ലല്ലോ കലക്ടറേറ്റിലാണ് ഞാൻ വിളിച്ചത്. ഒരു ജില്ലയുടെ സിരാകേന്ദ്രത്തിലേക്കാണു ഞാൻ വിളിച്ചത്

ഉ: അതല്ലേ ഞാൻ പറഞ്ഞത്, സ്കൂളുണ്ടെന്നല്ലേ പറഞ്ഞത്, സ്കൂളില്ലാന്നല്ലല്ലോ പറഞ്ഞത്. സ്കൂളുണ്ട് എന്നല്ലേ പറഞ്ഞത്.

മുഹമ്മദലി : സ്കൂൾ അവിടെയുണ്ടല്ലേ, എവിടെപ്പോകാനാണ് എന്നാണു നിങ്ങൾ മറുപടി തന്നിട്ടുള്ളത്.

ഉ: അതാ പറഞ്ഞത് ഞാൻ പറഞ്ഞത് ടിവിയിൽ അറിയിക്കും. എന്തെങ്കിലുമുണ്ടെങ്കിൽ വാർത്തയിൽ അറിയിക്കും

മുഹമ്മദലി : നിങ്ങളുടെ പേരൊന്ന്.... (ഫോൺ കട്ട് ചെയ്യുന്നു)