ലഹരിമരുന്നു കേസുകളിൽ നടപടി വേഗത്തിലാക്കണം: ഹൈക്കോടതി

കൊച്ചി ∙ സമൂഹത്തിൽ വിനാശകരമായ ഫലമുണ്ടാക്കുന്ന ലഹരിവസ്തുക്കൾ ഉൾപ്പെട്ട കേസുകളിൽ കുറ്റക്കാർക്കെതിരെ നടപടി വേഗത്തിലാക്കണമെന്നു ഹൈക്കോടതി. നിലവിലുള്ള പരിശോധനാ ലാബുകൾ നവീകരിക്കുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തില്ലെങ്കിൽ അന്വേഷണവും പ്രോസിക്യൂഷനും അതുമൂലം വിചാരണയും വൈകുന്നതു ജുഡീഷ്യറിക്കു കളങ്കമാകും.

ദക്ഷിണേന്ത്യയിൽ കേന്ദ്ര ഫൊറൻസിക് ലാബുകൾ തുടങ്ങാനും സൗകര്യങ്ങൾ ഒരുക്കാനും അഞ്ചു വർഷം മുൻപ് സുപ്രീംകോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചിട്ടും നടപടിയുണ്ടായില്ലെന്നു കോടതി കുറ്റപ്പെടുത്തി. ലഹരിമരുന്നു കേസുകൾ ഗണ്യമായി വർധിച്ചു. പുതിയ കാലത്തെ ലഹരിമരുന്നുകൾ പരിശോധിക്കാൻ അത്യാധുനിക ഉപകരണങ്ങളും സ്റ്റാഫും ഇല്ലാത്തതു പ്രതിസന്ധിയാണ്. നേരിട്ടു ഡിജിപിയുടെ നിയന്ത്രണത്തിലായിട്ടും ഫൊറൻസിക് സയൻസ് ലാബിൽ ലഹരിമരുന്നു പരിശോധനയ്ക്കു സൗകര്യമില്ല. ഈ സ്ഥിതി തുടരാനാവില്ല. പ്രശ്നപരിഹാരത്തിന് ഉടൻ നടപടിവേണം. 

നിയമത്തോടും നീതിനിർവഹണ സംവിധാനത്തോടും ഭയവും വിശ്വാസവും നഷ്ടപ്പെടുന്ന കാലമാണിത്. സമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപര്യ സംരക്ഷണത്തിനൊപ്പം കോടതികൾ പൗരസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതുണ്ട്. ആരെയും തെറ്റായി ശിക്ഷിക്കാനാവില്ല– കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ അഭിപ്രായം അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, ഡിജിപി, എക്സൈസ് കമ്മിഷണർ, ചീഫ് കെമിക്കൽ എക്സാമിനർ, എഫ്എസ്എൽ ഡയറക്ടർ എന്നിവരെ കേസിൽ കക്ഷിചേർത്തിട്ടുണ്ട്.

ഒരു കിലോഗ്രാം ബ്രൗൺ ഷുഗർ പിടികൂടിയ കേസിൽ റയീസ് മുഹമ്മദിന്റെ ജാമ്യഹർജി പരിഗണിക്കവെയാണു ജസ്റ്റിസ് രാജ വിജയരാഘവന്റെ നടപടി. ഹർജിക്ക് ആധാരമായ കേസിൽ രാസപരിശോധനാഫലം ഹാജരാക്കാൻ നിർദേശിച്ചെങ്കിലും ലാബിൽ സൗകര്യം കുറവായതിനാൽ പരിശോധന വേഗത്തിലാക്കാനാവില്ലെന്നു പ്രോസിക്യൂട്ടർ വിശദീകരിച്ചു. ഇത് ഒറ്റപ്പെട്ട കേസല്ലെന്നും പല കേസുകളിലും സമാന സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.

ലഹരിമരുന്നു പരിശോധിക്കാൻ ലാബ് സൗകര്യം എത്രത്തോളമുണ്ടെന്നു കോടതി ആരാഞ്ഞു. രണ്ടു സ്ഥാപനങ്ങളുടെ ആറു റീജനൽ ഓഫിസുകളാണു സംസ്ഥാനത്തുള്ളത്. ചീഫ് കെമിക്കൽ എക്സാമിനറുടെ ലാബിൽതന്നെ വർഷംതോറും രണ്ടായിരം കേസുകൾ കുമിയുന്നു. 2012ൽ 700 കേസുകൾ കൈകാര്യം ചെയ്തിടത്ത്, ഇപ്പോൾ വർഷം 5,000 കേസുകൾ എത്തുന്നുണ്ട്. വേണ്ടത്ര ജീവനക്കാരും സൗകര്യങ്ങളുമില്ലാത്തതും കേസുകൾ പെരുകുന്നതും ശുദ്ധമായ റഫറൻസ് സാംപിൾ ഇല്ലാത്തതുമൊക്കെ ഫലം വൈകാൻ കാരണങ്ങളായി ചീഫ് കെമിക്കൽ എക്സാമിനറും ഫൊറൻസിക് ലാബ് ഡയറക്ടറും ചൂണ്ടിക്കാട്ടി. 

കൊച്ചി ലഹരികടത്തിന്റെ പ്രധാനകേന്ദ്രം

കൊച്ചി ∙ രാജ്യത്തുതന്നെ ലഹരികടത്തിന്റെ പ്രധാന കേന്ദ്രമായി കൊച്ചി മാറിയെന്നു ഹൈക്കോടതി. കണക്കനുസരിച്ച് അമൃത്‌സർ മാത്രമാണു മുന്നിൽ. 2017– 18ൽ സംസ്ഥാനത്ത് 5,148 നർകോട്ടിക് കേസുകൾ റജിസ്റ്റർ ചെയ്തു. 2017ൽ കൊച്ചി സിറ്റിയിൽ മാത്രം 1,565 കേസുകൾ. മാസം 188 കേസുകൾവരെ വന്നിട്ടുണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കേസുകളിൽ രാസപരിശോധനയിലെ താമസവും സാംപിൾ എടുത്തതിലെ അപാകതയുമൊക്കെ ‘നെഗറ്റീവ്’ ഫലത്തിനു കാരണമാകാമെന്നു കോടതി പറഞ്ഞു.

എറണാകുളം ടൗൺ, നോർത്ത്, കസബ സ്റ്റേഷനുകളിലെ നിരോധിത ലഹരിവസ്തു കൈവശം വച്ചെന്ന കേസിൽ ജാമ്യം നിഷേധിച്ചെങ്കിലും പിടികൂടിയ വസ്തുവിന്റെ രാസപരിശോധനയിൽ നെഗറ്റീവ് ഫലമാണു വന്നത്. ഒരു കേസിൽ പിടികൂടിയ ‘മാജിക് മഷ്റൂം’ നശിച്ചുപോയതിനാൽ പരിശോധിക്കാനായില്ല. കൊണ്ടോട്ടി സ്റ്റേഷനിൽ എംഡിഎ പിടികൂടിയ കേസിൽ ഫലംവന്നപ്പോൾ മാരകശേഷി കുറഞ്ഞ മറ്റൊരു ലഹരിമരുന്നാണെന്നു കണ്ടു. പരിശോധനാ ഫലമെത്തുന്നതിനകം ഈ കേസുകളിൽ പ്രതികൾ നീണ്ട വിചാരണത്തടവ് അനുഭവിച്ചിരുന്നു.