ശാസ്താംകോട്ട (കൊല്ലം) ∙ അക്കൗണ്ടിൽ മുൻകൂറായി പണം നിക്ഷേപിച്ചവർക്കു നൽകാൻ മാരക ലഹരിമരുന്നുകളുമായെത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ കാർത്തികപ്പള്ളി ബോബി ഭവനത്തിൽ ജിതിൻ ജനകേഷാണ് (22) പിടിയിലായത്. 60,000 രൂപ വിലയുള്ള 80 മില്ലിഗ്രാം എൽഎസ്‍ഡി (ലിസർജിക് ആസിഡ് ഡൈ എത്തിലാമൈഡ്) സ്റ്റാംപ്, 30,000 രൂപയിൽ അധികം വിലമതിക്കുന്ന 0.61 ഗ്രാം എംഡിഎംഎ (മെഥിലീൻ ഡൈഓക്സി മെത്ത് അംഫിറ്റിമിൻ) എന്നിവയാണു പിടിച്ചെടുത്തത്. ജിതിൻ മൈനാഗപ്പള്ളി ഐസിഎസ് ജംക്‌ഷനിൽ രാവിലെ 11നു ബസ് ഇറങ്ങിയപ്പോഴാണ് വലയിലായത്. നൈജീരിയൻ സ്വദേശി ബെംഗളൂരുവിൽ കൈമാറിയതാണ് ലഹരിമരുന്ന് എന്നാണു ജിതിൻ പറഞ്ഞത്.
വിദേശരാജ്യങ്ങളിൽ ലഭിക്കുന്ന വീര്യം കൂടിയ സ്റ്റാംപാണ് യുവാവിൽ നിന്നു ലഭിച്ചത്. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും ഷാഡോ എക്സൈസ് സംഘവും ചേർന്നു നടത്തിയ നീക്കത്തിലാണ് ജിതിനെ പിടികൂടിയത്. ജില്ലയിൽ ആദ്യമായിട്ടാണ് എൽഎസ്‌ഡി സ്റ്റാംപും എംഡിഎംഎയും ഒരുമിച്ചു പിടികൂടുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേരിലേക്ക് എത്താനിടയുണ്ടെന്നും സിഐ ഒ.പ്രസാദ് പറഞ്ഞു. ഷാഡോ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരായ എ.പി.ഷിഹാബ്, സി.പി.ദിലീപ്, പ്രിവന്റീവ് ഓഫിസർമാരായ ബി.സഹിർഷാ, എസ്.ഉണ്ണിക്കൃഷ്ണപിള്ള, ബി.ഉണ്ണിക്കൃഷ്ണപിള്ള, സിഇഒമാരായ പ്രസാദ്, അനിൽ, അരുൺലാൽ, സുജിത്, ഡ്രൈവർ ശിവൻകുട്ടി എന്നിവർ നേതൃത്വം നൽകി.
എൽഎസ്ഡി സ്റ്റാംപ് മാരകം
ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ ലഹരിക്ക് അടിമയാക്കുന്ന എൽഎസ്‌ഡി സ്റ്റാംപുകൾ മാരക ലഹരിമരുന്നുകളുടെ ശ്രേണിയിൽപ്പെട്ടതാണ്. ചെറിയ തപാൽ സ്റ്റാംപിന്റെ ആകൃതിയിലുള്ളതാണ് ഇവ. അളവിലെ വ്യത്യാസം മരണത്തിനു വരെ കാരണമാകും. 20 മില്ലിഗ്രാം കൈവശം വച്ചാൽ 10 വർഷം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 0.05 ഗ്രാമിൽ അധികം എംഡിഎംഎ (മെഥിലീൻ ഡൈഓക്സി മെത്ത് അംഫിറ്റിമിൻ) കൈവശം വയ്ക്കുന്നതും ജാമ്യം ലഭിക്കാത്ത കുറ്റമാണ്.