ജിഎൻപിസി കേസ്: വിനീതയെ പ്രതിചേർത്തിട്ടില്ല

കൊച്ചി ∙ ‘ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും’ (ജിഎൻപിസി) ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഗ്രൂപ്പ് അഡ്മിൻ അജിത്കുമാറിന്റെ ഭാര്യ വിനീതയെ പ്രതിചേർത്തിട്ടില്ലെന്നു പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. വിനീത നൽകിയ മുൻകൂർ ജാമ്യഹർജി ഇതെ തുടർന്നു കോടതി തീർപ്പാക്കി.

ജിഎൻപിസിയെ അനുകരിച്ച് സമാനപേരിൽ മറ്റൊരു ഓപ്പൺ ഗ്രൂപ്പ് വന്നിട്ടുണ്ടെന്നും വിവിധ ബ്രാൻ‍ഡ് മദ്യങ്ങളുടെ പടങ്ങളും വിഡിയോകളും ഇടുന്ന ആ ഗ്രൂപ്പുമായി തനിക്കോ ഭർത്താവിനോ ബന്ധമില്ലെന്നും കാണിച്ചായിരുന്നു ഹർജി. അതേസമയം, എക്സൈസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ രണ്ടാംപ്രതിയായ വിനീത നൽകിയ മുൻകൂർ ജാമ്യഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.