തിരുവനന്തപുരം∙ ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാർ എന്ന നിരപരാധിയെ പ്രതികളായ പൊലീസുകാർ ഒന്നര മണിക്കൂർ ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്നു സിബിഐ പ്രത്യേക കോടതി. ഒരാളെ പൊടുന്നനെ വെട്ടിക്കൊലപ്പെടുത്തുന്നതു പോലെയല്ല. അതിനെക്കാൾ ക്രൂരം. സമൂഹത്തിന്റെയാകെ മനഃസാക്ഷിയെ ഞെട്ടിച്ച കൃത്യമായി അത്. കോൺസ്റ്റബിൾമാരായിരുന്ന കെ.ജിതകുമാർ (53), എസ്.വി.ശ്രീകുമാർ (42) എന്നിവർക്കു വധശിക്ഷ നൽകിയുള്ള 128 പേജ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൈകൾ കൂട്ടിക്കെട്ടി തടി ബെഞ്ചിൽ കിടത്തിയ ശേഷമാണ് ഇരുവരും പീഡനം തുടങ്ങിയത്. ആദ്യം ഇരു കാലുകളിലും ചൂരൽവടി കൊണ്ട് അടി തുടങ്ങി. അതിനു ശേഷം ഉദയകുമാറിന്റെ തല ബലമായി പിടിച്ചു വച്ചശേഷം തുടകളിൽ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടി. ആ പ്രയോഗത്തിൽ തുടയിലെ പേശികൾ തകർന്നു. മരണത്തിന് അതു തന്നെ ധാരാളം. അതിനുശേഷം ഇരുവരും ഉദയകുമാറിന്റെ ശരീരത്തിൽ ഒരു ഭാഗവും ശേഷിപ്പിക്കാതെ മർദിച്ചു. പീഡനം പൂർത്തിയാക്കാൻ ഒന്നര മണിക്കൂറാണ് ഇവർ എടുത്തത്. നിരപരാധിയായ ഉദയകുമാറിന് ഒന്നു പ്രതിരോധിക്കാൻ പോലുമായില്ല.
ഉദയകുമാർ ഒരുകേസിലും പ്രതിയല്ലായിരുന്നു. പോക്കറ്റിൽ 4020 രൂപ കാണപ്പെട്ടതു മാത്രമാണു പ്രതികളായ പൊലീസുകാർ കുറ്റകരമായി കണ്ടത്. 22 മുറിവുകളാണു ശരീരത്തിൽ കാണപ്പെട്ടതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. സർക്കിൾ ഇൻസ്പെക്ടർ ഓഫിസിലായിരുന്നു പീഡനം. സാക്ഷികളെല്ലാം അപ്പോൾ അവിടെയുണ്ടായിരുന്നു. ചുവരിനപ്പുറം നടന്ന പീഡനമായതിനാലാണ് അവർക്കു നേരിട്ടു കാണാൻ കഴിയാഞ്ഞത്.
ഒന്നാം സാക്ഷിയടക്കം കൂറു മാറിയതു പ്രതികളുടെ സമ്മർദവും ഭീഷണിയും മൂലമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥരാണ് ഈ ഹീനകൃത്യം ചെയ്തത്. കൊലപാതകത്തിന്റെ ക്രൂരത നോക്കിയാൽ പ്രതികളുടെ കുടുംബ പശ്ചാത്തലം പരിഗണിക്കേണ്ടതില്ലെന്നും വിധിയിൽ പറയുന്നു. അഞ്ചു സുപ്രീം കോടതി വിധികളും ഉദ്ധരിച്ചിട്ടുണ്ട്.
പ്രതികൾ നടത്തിയ കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്ന ആറു ഘടകങ്ങളും കുറയ്ക്കുന്ന ആറു ഘടകങ്ങളും കോടതി തുലനം ചെയ്തു. പരമാവധി ശിക്ഷ ഉറപ്പാക്കുന്ന ഘടകങ്ങൾക്കാണു മുൻതൂക്കമെന്നും വിധിയിൽ പറയുന്നു.
ഉരുട്ടൽ ബെഞ്ച് ഫോർട്ട് സ്റ്റേഷനിലേക്ക്
തിരുവനന്തപുരം∙ ഉദയകുമാറിനെ ഇഞ്ചിഞ്ചായി ഉരുട്ടാൻ ഉപയോഗിച്ച തടി ബെഞ്ചും ഇരുമ്പു കട്ടിലും വീണ്ടും ഫോർട്ട് സ്റ്റേഷനിലേക്ക്. കേസിന്റെ അപ്പീലിൽ തീർപ്പുണ്ടാകുന്ന മുറയ്ക്ക് ഇവ ഫോർട്ട് സ്റ്റേഷൻ ഹൗസ് ഓഫിസർക്കു കൈമാറി രസീത് കൈപ്പറ്റണമെന്നു സിബിഐ കോടതി വിധിയിൽ പറയുന്നു. ഉടുപ്പ്, മുണ്ട്, ചെരിപ്പുകൾ എന്നിവ അപ്പീലിനു ശേഷം നശിപ്പിക്കണം. ഡ്യൂട്ടി നോട്ട്ബുക്കുകളും വിഡിയോ കസെറ്റുകളും കോടതിയിൽ സൂക്ഷിക്കണം. ഉരുട്ടാൻ ഉപയോഗിച്ച ഇരുമ്പു പൈപ്പ് കണ്ടുകെട്ടണം.
പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽനിന്നു നാലു ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മയ്ക്കു നൽകണം. തുക അപര്യാപ്തമായതിനാൽ കൂടുതൽ നഷ്ടപരിഹാരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി പരിഗണിക്കണം. ഉദയകുമാറിന്റെ കയ്യിൽനിന്നു പിടിച്ചെടുത്ത 4020 രൂപ, കറുത്ത ചരട്, ഏലസ് എന്നിവ അമ്മയ്ക്കു കൈമാറണമെന്നും ജഡ്ജി ഉത്തരവിട്ടു.