ആലപ്പുഴയും കോട്ടയവും പ്രളയബാധിത ജില്ലകൾ; കർഷകർക്കു വിള ഇൻഷുറൻസ് ലഭിക്കും

തിരുവനന്തപുരം∙ ആലപ്പുഴയും കോട്ടയവും വെള്ളപ്പൊക്ക ബാധിത ജില്ലകളായി പ്രഖ്യാപിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചു. ഇങ്ങനെ വിജ്ഞാപനം ചെയ്യപ്പെടുന്ന ജില്ലകളിലെ കർഷകർക്കു വിള ഇൻഷുറൻസിന് അർഹതയുണ്ട്.

വെള്ളപ്പൊക്കക്കെടുതി നേരിടാൻ ആലപ്പുഴ ജില്ലയ്ക്ക് 2.44 കോടി രൂപ അതോറിറ്റി അനുവദിച്ചു. ഇതിൽ 1.69 കോടി രൂപ, ബണ്ടുകൾ പുനർനിർമിക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനുമാണ്. പാടശേഖര സമിതികളെ ഈ ജോലിക്കു ചുമതലപ്പെടുത്താനും തീരുമാനിച്ചു. കോട്ടയം ജില്ലയ്ക്ക് 50 ലക്ഷം രൂപ അനുവദിച്ചു. എസി റോഡിന്റെ അറ്റകുറ്റപ്പണിക്കു 35 ലക്ഷം രൂപയും അനുവദിച്ചു.

മഴക്കെടുതി നേരിടാൻ വിവിധ ജില്ലകൾക്കു പണം അനുവദിച്ചതിൽ വിവേചനമുണ്ടെന്നും ചില ജില്ലകൾക്കു കൂടുതൽ പണം നൽകിയെന്നും സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ദുരിതാശ്വാസത്തിന് ആകെ 63.05 കോടി രൂപ അനുവദിച്ചതിൽ ഓരോ ജില്ലയ്ക്കും അനുവദിച്ച തുക (കോടിയിൽ):

തിരുവനന്തപുരം – 0.51,

കൊല്ലം – 1.16,

പത്തനംതിട്ട – 0.52,

ആലപ്പുഴ – 19.92,

കോട്ടയം – 7.21,

ഇടുക്കി – 1.96,

എറണാകുളം – 4.37,

തൃശൂർ – 1.42,

പാലക്കാട് – 7.61,

മലപ്പുറം – 8.91,

കോഴിക്കോട് – 1.8,

വയനാട് – 1.82,

കണ്ണൂർ – 3.81,

കാസർകോട് – 2.06.

ഇതിനു പുറമെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ച തുക. വെള്ളപ്പൊക്കത്തിൽ തകർന്ന റോഡ് നന്നാക്കുന്നതിനുളള ചെലവ് ഇതിൽ പെടുന്നില്ല. കലക്ടർമാരുടെ ആവശ്യപ്രകാരമാണ് ഓരോ ജില്ലയ്ക്കും പണം അനുവദിക്കുന്നത്. മുൻവർഷത്തെ ബില്ലുകൾ കൊടുത്തു തീർക്കാനുണ്ടെങ്കിൽ അതും ഉൾപ്പെടുത്താറുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.