ന്യൂഡൽഹി∙ കനത്ത മഴയിൽ മുങ്ങി തലസ്ഥാന നഗരം. പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളക്കെട്ടായതിനാൽ ഡൽഹിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ഒഴിവാക്കണമെന്ന് ഡൽഹി ട്രാഫിക് പൊലീസ് നിർദേശിച്ചു.
വാഹനങ്ങൾ വഴിയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടക്കുകയാണ്. ഗുരുഗ്രാം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗതം സ്തംഭിച്ചു. മഴ കാരണം കൂടുതൽപേർ മെട്രോയെ ആശ്രയിച്ചതും തലവേദനയായി. ആൾത്തിരക്കു കാരണം മെട്രോ ഗതാഗതം പല സ്ഥലത്തും നിലച്ചു. കഴിഞ്ഞദിവസം 101 മില്ലി മീറ്റർ മഴ ലഭിച്ചതായാണു പാലം നിരീക്ഷണ കേന്ദ്രത്തിൽനിന്നുള്ള വിവരം.
സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിനു സമീപത്തു 49.6 മില്ലി മീറ്ററും ലോധി റോഡ് കേന്ദ്രത്തിൽ 22.2 മില്ലിമീറ്ററുമാണു മഴ ലഭിച്ചത്. മയൂർ വിഹാർ, പാലം, ദൗള കുവാം, പഞ്ചാബി ബാഗ്, മുഡ്ക, രാജ്ധാനി പാർക്ക് എന്നിവിടങ്ങളിലെല്ലാം ശക്തമായ മഴ പെയ്തു. അയേൺ ബ്രിജ് ലോനി റോഡ്, ഖജൗരി ചൗക്ക്, വസിറാബാദ് റോഡ്, ഭജൻപുര മെയിൻ മാർക്കറ്റ്, അപ്സര ബോർഡർ, യമുന മാർഗ്, ഐപി കോളജ്, എംജിഎം റോഡ്, റിങ് റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടെന്നും ഇതുവഴി യാത്ര ഒഴിവാക്കണമെന്നും ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നൽകി.
ദേവ്‌ലി, വായുസേനാബാദ്, സംഗം വിഹാർ, മഹേന്ദ്ര പാർക്ക്, ഇന്ദർലോക്, രാമാ റോഡ്, ഡോ. രാജേന്ദ്ര പ്രസാദ് റോഡ്, വിൻഡർ പ്ലേസ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടും ഗതാഗതക്കുരുക്കം പ്രശ്നം സൃഷ്ടിച്ചതോടെ ട്വിറ്ററിലും മറ്റും പരാതിപ്രവാഹമാണ്.
ഗുരുഗ്രാമിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനു നടപടിയെടുക്കുന്നില്ലെന്ന ആരോപണവുമായി ഒട്ടേറെപ്പേരാണു ട്വിറ്ററിൽ ചിത്രങ്ങളും വിഡിയോകളും പോസ്റ്റ് ചെയ്തത്.