ബാഗോ (മ്യാൻമർ)∙ മ്യാൻമറിൽ അണക്കെട്ട് തകർന്നുണ്ടായ പ്രളയത്തിൽ പതിനായിരക്കണക്കിന് ആളുകൾ ദുരിതത്തിൽ. അനവധി ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിനടിയിലായി. ബാഗോ പ്രവിശ്യയിലെ സ്വാ ഷൗങ് അണക്കെട്ടാണ് തകർന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്കത്തിലായ 85 ഗ്രാമങ്ങളിലെ 63,000ൽ അധികം ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു.
മധ്യ മ്യാൻമറിലെ സ്വാ ഷൗങ് അണക്കെട്ടിന്റെ സ്പിൽവേ ബുധനാഴ്ച രാവിലെ 5.45ന് ആണ് തകർന്നതെന്ന് ഔദ്യോഗിക മാധ്യമമായ ‘ദ് ഗ്ലോബൽ ന്യൂ ലൈറ്റ് ഓഫ് മ്യാൻമർ’ റിപ്പോർട്ട് ചെയ്തു. യെദാഷെ ടൗൺഷിപ്പിലെ ഗ്രാമങ്ങൾ, യാങ്കൂൺ– മണ്ഡാലെ ഹൈവേ തുടങ്ങിയവ പ്രളയത്തിൽ മുങ്ങി. 403 ചതുരശ്ര മൈൽ വലുപ്പമുള്ള അണക്കെട്ടാണ് സ്വാ ഷൗങ്. 2,16,350 ചതുരശ്ര അടി വെള്ളം സംഭരിക്കാനാകും. 337 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി.
ഈ വർഷത്തെ അധികമഴയിൽ അണക്കെട്ടിലെ വെള്ളം 338.6 അടിയിലേക്ക് ഉയർന്നതാണ് സ്പിൽവേ തകരാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. അടുത്തിടെ ലാവോസിൽ ഡാം തകർന്ന് 27 പേർ മരിക്കുകയും ആയിരക്കണക്കിനാളുകൾക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു.