Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴയിൽ കുതിർന്ന് മഹാനഗരം; വെള്ളക്കെട്ടും ഗതാഗത കുരുക്കും

del-rain കനത്ത മഴയെ തുടർന്നു റിങ്റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ട്. ചിത്രം∙ പിടിഐ

ന്യൂഡൽഹി∙ കനത്ത മഴയിൽ നഗരത്തിൽ പല സ്ഥലത്തും വെള്ളക്കെട്ടും ഗതാഗത കുരുക്കും. രണ്ടുദിവസമായി പെയ്യുന്ന മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ടു രൂപപ്പെട്ടതു യാത്രക്കാരെ വലച്ചു. ഷാലിമാർ ബാങ്ക്വറ്റ് ഹാൾ, ഏക്ത സ്ഥൽ, ശാന്തി പഥ്, എയിംസ് മേൽപാലത്തിനു സമീപം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപംകൊണ്ടതോടെ ഗതാഗതം സാവധാനത്തിലായി. റാണി ഝാൻസി റോഡ്, ഖുത്തബ് റോഡ്, പഴയ ഇരുമ്പ് പാലം, കിഷൻഗഞ്ച് റോഡ്, ലജ്പത് നഗർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടുണ്ടായി. 

വൈകിട്ടോടെയാണു പല സ്ഥലങ്ങളിലും ഗതാഗതം സാധാരണ നിലയിലായത്. കൗശിക് എൻക്ലേവിനു സമീപം റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചു. വികാസ് പുരി, മായാപുരി, ലോധി കോളനി, ജംങ്പുര, മഥുര റോഡ്, ഗോവിന്ദ്പുരി എന്നിവിടങ്ങളിലും വെള്ളംകയറിയതു ജനങ്ങളെ വലച്ചു. 

രഘുബീർ നഗർ, ഈസ്റ്റ് കൈലാഷ്, ഓഖ്‍ല, ലോധി റോഡ്, സി.ആർ. പാർക്ക് മെയിൻ റോഡ് എന്നിവിടങ്ങളിൽ മരങ്ങൾ കടപുഴകി വീണത് ഗതാഗതം തടസ്സപ്പെടുത്തി. അതിനിടെ, നഗരത്തിൽ സ്ഥിരമായുണ്ടാവുന്ന വെള്ളക്കെട്ടിൽ സംസ്ഥാന സർക്കാരിനെയും നഗരസഭകൾ ഭരിക്കുന്ന ബിജെപിയെയും കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. പ്രശ്നത്തിനു ശ്വാശ്വത പരിഹാരം കാണുന്നതിൽ സംസ്ഥാന സർക്കാരും നഗരസഭകളും ദയനീയ പരാജയമാണെന്നു ഡിപിസിസി അധ്യക്ഷൻ അജയ് മാക്കൻ പറഞ്ഞു.