Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കുനിന്നുള്ള ട്രെയിനുകൾ കോഴിക്കോടു വരെ; റെയിൽ ഗതാഗതം കുരുക്കിൽ

കോഴിക്കോട് ∙ കോഴിക്കോട്– ഷൊർണൂർ റെയിൽ പാതയിൽ ഇന്നും സർവീസില്ല. വടക്കുനിന്നുള്ള ട്രെയിനുകളെല്ലാം കോഴിക്കോട്ടും സമീപ സ്റ്റേഷനുകളിലും നിർത്തി. പള്ളിപ്പുറത്ത് ട്രാക്കിൽ വെള്ളം കയറിയിട്ടുണ്ട്. നിലമ്പൂർ – ഷൊർണൂർ പാതയിൽ തടസ്സങ്ങളില്ല. കുറ്റിപ്പുറം, പള്ളിപ്പുറം പാലങ്ങൾക്കുമുകളിലുടെ ഇപ്പോഴും വെള്ളമൊഴുകുകയാണ്. വെള്ളമൊഴിഞ്ഞാലും പാലങ്ങളുടെ സുരക്ഷാ പരിശോധന നടത്തിയതിനു ശേഷമേ സർവീസ് പുനരാരംഭിക്കൂ.

എറണാകുളത്തുനിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ വേഗനിയന്ത്രണത്തിൽ ഓടുമെന്നും തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഈ റൂട്ട് വഴി മൂന്നു സ്പെഷൽ ട്രെയിനുകൾ ഒാടിക്കുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30നും ഉച്ചയ്ക്കു രണ്ടിനും വൈകിട്ട് നാലിനുമാണ് സർവീസ്. എല്ലാ സ്റ്റേഷനിലും സ്റ്റോപ്പുണ്ടാകും. 11.30ന് പുറപ്പെടുന്ന ട്രെയിൻ നാലു മണിയോടെ തിരുവനന്തപുരത്ത് എത്തും.

എറണാകുളം– ഷൊർണൂർ, എറണാകുളം– കോട്ടയം– കായംകുളം, കോഴിക്കോട്– ഷൊർണൂർ സെക്‌ഷനുകളിൽ ശനിയാഴ്ച വൈകിട്ടു നാലു വരെ ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. ദീർഘദൂര ട്രെയിനുകൾ തിരുവനന്തപുരം, തിരുനെൽവേലി, മധുര വഴി തിരിച്ചു വിടും.

കോഴിക്കോട്ടു നിന്ന് മംഗളൂരുവിലേക്കുള്ള പാസഞ്ചർ സ്പെഷൽ ട്രെയിൻ ഇന്ന് രാത്രി എട്ടരയ്ക്കു പുറപ്പെടും. എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പുണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. മംഗളൂരുവിനുള്ള ആദ്യ പാസഞ്ചർ സ്പെഷൽ വൈകിട്ട് അഞ്ചിനു പുറപ്പെട്ടിരുന്നു. 

ഗുരുവായൂർ - ചെന്നൈ എക്സ്പ്രസ് എറണാകുളത്തുനിന്നു പുറപ്പെടും. ഹൈദരാബാദ് - തിരുവനന്തപുരം ശബരി എക്സ്പ്രസ് സേലം വരെ വന്നു തിരിച്ചു പോകും. യശ്വന്തപുര - കൊച്ചുവേളി എക്സ്പ്രസ്, ചെന്നൈ - ആലപ്പി എക്സ്പ്രസ് എന്നിവ കോയമ്പത്തൂർ വരെയേ ഉണ്ടാവൂ. മടക്ക സർവീസ് കോയമ്പത്തൂരിൽ നിന്നാണ്.

എറണാകുളത്തു നിന്നു ചെന്നൈയിലേക്കു സ്പെഷൽ ട്രെയിൻ (06034)  (തിരുവനന്തപുരം, തിരുനെൽവേലി, മധുര വഴി)  വൈകിട്ട് ആറിന് പുറപ്പെടും. കേരളത്തിലെ സ്റ്റോപ്പുകൾ:  ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം,കൊല്ലം, തിരുവനന്തപുരം  (രാത്രി 10.40).

എറണാകുളം ജംക്‌ഷനില്‍നിന്നു രാവിലെ എട്ടു മണിക്കു തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തും. സ്‌റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി.

തിരുവനന്തപുരം സെന്‍ട്രലില്‍നിന്ന് എറണാകളും ജംക്‌ഷനിലേക്കു രാവിലെ 9നു സ്‌പെഷല്‍ പാസഞ്ചര്‍ ട്രെയിന്‍ സർവീസ് നടത്തും.
സ്‌റ്റോപ്പുകള്‍: കുമ്പളം, തുറവൂര്‍, ചേര്‍ത്തല, മാരാരിക്കുളം, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, ചേപ്പാട്, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പെരിനാട്, കൊല്ലം, മയ്യനാട്, പറവൂര്‍, വര്‍ക്കല, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, മുരിക്കുംപുഴ, കഴക്കൂട്ടം, കൊച്ചുവേളി.

related stories