ന്യൂഡൽഹി∙ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് 3048 കോടി രൂപയുടെ അധികസഹായം അനുവദിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് സഹായം അനുവദിച്ചത്. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു സമിതി.
ഓഗസ്റ്റിലെ പ്രളയത്തിനുശേഷം കേന്ദ്രസർക്കാർ 600 കോടി രൂപയുടെ ആദ്യഘട്ടസഹായം അനുവദിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് 4800 കോടി രൂപയും. പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച ഉന്നതതല സമിതി യോഗം അടിയന്തരമായി വിളിച്ചു ചേർത്തു കേരളത്തിനു സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിരുന്നു. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജൻസികളുടെയും സൂചിക പ്രകാരം കേരള പുനർനിർമാണത്തിനായി 31,000 കോടി രൂപ ആവശ്യമാണ്.
നേരത്തെ നൽകിയ 600 കോടി രൂപയ്ക്കു പുറമേ എസ്ഡിആർഎഫിലേക്കു (സ്റ്റേറ്റ് ഡിസാസ്റ്റർ റിലീഫ് ഫണ്ട്) നേരത്തേ നൽകിയ 562.42 കോടി രൂപയും ദുരിതാശ്വാസത്തിനു വിനിയോഗിക്കാമെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നു.