കണ്ണൂർ∙ സ്വകാര്യ സ്നേക് പാർക്കിൽ പിറന്ന രാജവെമ്പാലക്കുഞ്ഞുങ്ങളുടെ പിതൃത്വം തേടി വനംവകുപ്പ് ഡിഎൻഎ പരിശോധനയ്ക്ക്. പറശ്ശിനിക്കടവിലെ സ്വകാര്യ സ്നേക് പാർക്കിലും കൊട്ടിയൂരിൽ വനംവകുപ്പിന്റെ സംരക്ഷണയിലും അടുത്തടുത്ത ദിവസങ്ങളിലാണു രാജവെമ്പാലയുടെ മുട്ടകൾ വിരിഞ്ഞത്. സ്നേക് പാർക്കിൽ വിരിഞ്ഞ മുട്ടകൾ എവിടെ നിന്നു കിട്ടിയതെന്ന സംശയം ഉന്നയിക്കപ്പെട്ടതോടെയാണു ഡിഎൻഎ പരിശോധന.
അതേസമയം, മുട്ടകൾ സ്നേക് പാർക്കിലാണു വിരിഞ്ഞതെന്നതു സംബന്ധിച്ച് എല്ലാ തെളിവുകളും രേഖകളും കൈവശമുണ്ടെന്നും പാമ്പിൻകുഞ്ഞുങ്ങളെ വനത്തിൽ തുറന്നുവിടുമെന്നും സ്നേക് പാർക്ക് അധികൃതർ പറഞ്ഞു. കൊട്ടിയൂരിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ 87 ദിവസം മുൻപു കണ്ടെത്തി വനംവകുപ്പ് വലയിട്ടു സംരക്ഷിച്ച മുട്ടകൾ കഴിഞ്ഞ ഞായറാഴ്ചയാണു വിരിഞ്ഞത്.
കണ്ടെത്തിയ 26 മുട്ടകളിൽ 23 എണ്ണം വിരിഞ്ഞെന്നാണു വനംവകുപ്പ് അറിയിച്ചത്. എന്നാൽ ആകെ 26 മുട്ടകൾ കണ്ടെത്തിയിരുന്നോ എന്നതിൽ വ്യക്തതയില്ല. സ്വകാര്യ സ്നേക് പാർക്കിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു മുട്ട വിരിഞ്ഞത്. പാർക്കിലെ രാജവെമ്പാലയിട്ട 11 മുട്ടകൾ മേയ് 29ന് കണ്ടെത്തിയെന്നും അവയിൽ നാലെണ്ണം വിരിഞ്ഞെന്നും സ്നേക് പാർക് അധികൃതർ അറിയിച്ചെങ്കിലും വിരിയാത്ത മുട്ടകൾ പ്രദർശിപ്പിച്ചില്ല.
കൂട്ടിൽ രാജവെമ്പാലകൾക്ക് ഇണചേരാൻ സൗകര്യമൊരുക്കി ഉൽപാദിപ്പിച്ചതാണു മുട്ടകളെന്നും പാർക്ക് അധികൃതർ പറയുന്നു. എന്നാൽ, രാജവെമ്പാല ഒറ്റത്തവണ ഇരുപത്തിഅഞ്ചോ അതിലധികമോ മുട്ടയാണ് ഇടുകയെന്നും, അവ വിരിയാൻ സാധാരണ നിലയ്ക്ക് 80 ദിവസമെങ്കിലും വേണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ വർഷവും കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നു വനംവകുപ്പിനു ലഭിച്ച രാജവെമ്പാല മുട്ടകൾ വിരിഞ്ഞിരുന്നു. അന്നു വിരിഞ്ഞത് എത്ര കുഞ്ഞുങ്ങളാണ്, അവയെ എവിടെയാണു തുറന്നുവിട്ടത് എന്നീ കാര്യങ്ങളിൽ ഇപ്പോഴും അവ്യക്തതയുണ്ട്.