കൊച്ചി∙ കുട്ടിക്കാലത്തു തബലിസ്റ്റാവാൻ മോഹിച്ചുനടന്ന ഇബ്രാഹിം ആണു പിന്നീടു ജീവിത താളപ്പെരുക്കത്തിന്റെ ഉയർച്ചതാഴ്ചകളിലൂടെ മലയാളം നെഞ്ചേറ്റിയ ഗസൽ ഗായകനായി മാറിയത്. ഫോർട്ട് കൊച്ചിക്കാർക്ക് എന്നും തങ്ങളുടെ പ്രിയപ്പെട്ട ഉമ്പയായിരുന്നു ഉമ്പായി. തന്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങിയ മണ്ണാണു ഫോർട്ട്കൊച്ചിയുടേതെന്ന് എന്നും പറഞ്ഞ അദ്ദേഹം എത്രയോ രാത്രികളിൽ അടിമുടി ലഹരിയിൽ മുങ്ങി ആ മണ്ണിൽ തനിച്ചിരുന്നു പാടിയിട്ടുണ്ട്.
ജീവിതത്തിലെ വിലപ്പെട്ട പത്തുപതിനഞ്ചു കൊല്ലം താൻ ലഹരിവഴിയിൽ പാഴാക്കിയെന്നു തുറന്നുപറഞ്ഞ ഉമ്പായിക്ക് പക്ഷേ, തിരിച്ചറിവിലേക്കെത്താൻ പിന്നെയും ഒരുപാടു കാലം വേണ്ടിവന്നു. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പോഴാണു തബലിസ്‌റ്റാകാൻ മോഹിച്ചു നടന്നത്. സ്വന്തമായി റേഡിയോ പോലുമില്ലാത്ത വീട്. മട്ടാഞ്ചേരിയിലെ സേട്ടുമാരുടെ മാളികകൾക്കകത്തുനിന്ന് ഒഴുകുന്ന ഹിന്ദുസ്‌ഥാനി ഗസലുകൾക്കു കാതോർത്ത് ഇബ്രാഹിം തെരുവിൽ കാത്തുനിന്നു.
സ്‌കൂൾ വിട്ടാൽ ഹിന്ദി സിനിമാഗാനങ്ങൾ കേൾക്കാൻ മട്ടാഞ്ചേരി സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കോടിയതും സിലോൺ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’ കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷാപ്പിലും സ്ഥിരം സന്ദർശകനായതുമാണ് ഉമ്പായിക്ക് പിന്നീട് ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും സഹായകരമായത്. അന്നുകേട്ട ഗാനങ്ങൾ പതിഞ്ഞ ആഴം ചെറുതല്ലെന്നു സാരം.
ഒരിക്കൽ ഡൽഹിയിലെ ‘ഹോളിഡേ ഇൻ’ ഹോട്ടലിൽ ഗസൽ സന്ധ്യ. എംപിമാരും മന്ത്രിമാരും വ്യവസായ പ്രമുഖരും തിങ്ങിനിറഞ്ഞ സദസ്സ്. ഉമ്പായി മലയാളിയാണെന്നറിഞ്ഞപ്പാൾ മലയാളം ഗസൽ പാടണമെന്നായി ആസ്വാദകർ. മലയാളം ഗസലിനെപ്പറ്റി അന്നുവരെ ആലോചിക്കാത്ത ഉമ്പായി, ബാബുരാജ് ഈണം പകർന്ന ‘താമസമെന്തെ വരുവാൻ...’ എന്ന സിനിമാഗാനം പാടി രക്ഷപ്പെട്ടു. അങ്ങനെയാണ് മലയാളത്തിൽ ഗസൽ ചിട്ടപ്പെടുത്തുന്നതിനെ പറ്റി ആലോചിക്കുന്നത്. വീണ്ടും നാട്ടിലെത്തി എറണാകുളത്തെ ഫ്രൈസ് റസ്‌റ്ററന്റിൽ ജോലിയുമായി കഴിഞ്ഞു. അവിടെ വെയിറ്ററായി ജോലി ചെയ്‌തിരുന്ന ആനന്ദ് എന്ന ചെറുപ്പക്കാരനാണു മലയാളത്തിൽ ഗസൽ എഴുതാൻ കഴിയുന്ന കവിയെന്നു പറഞ്ഞ് വേണു വി.ദേശത്തെ ഉമ്പായിക്കു പരിചയപ്പെടുത്തിയത്. അങ്ങനെ ആദ്യ മലയാളം ഗസൽ ആൽബം ‘പ്രണാമം’ പുറത്തിറങ്ങി.
ഹസ്രത് ജയ്‌പുരി രചിച്ച ‘ആദാബ്’ എന്ന ഹിന്ദി ഗസൽ ആൽബം അതിനു മുൻപേ ഇറങ്ങിയിരുന്നു. ഫ്രൈസിന്റെ ഉടമ അസൈറും ഉമ്പായിയെ സഹായിച്ചു. ഉമ്പായിയുടെ സുവർണ കാലം ആരംഭിക്കുകയായിരുന്നു. ‘ഓർമകളിൽ മെഹ്‌ബൂബ്’, യൂസഫലി കേച്ചരിയെഴുതിയ ‘ഗസൽ മാല,’ ‘ഒരു മുഖം മാത്രം’ തുടങ്ങി ഉമ്പായി പുറത്തിറക്കിയ ആൽബങ്ങൾ മലയാളത്തിൽ ഗസലിന്റെ പൂക്കാലമൊരുക്കി. ഗസൽ പ്രേമികൾ ഉമ്പായിയുടെ ഗാനങ്ങൾക്കായി കാത്തിരുന്നു. ഈ വർഷമാദ്യം അവസാന ആൽബവും പുറത്തിറങ്ങി. അതിന്റെ രചന കവി സച്ചിദാനന്ദനായിരുന്നു.
പുതിയൊരു ജീവിതത്തിലേക്ക് പച്ചപിടിച്ചു കയറിയ ഉമ്പായി ഉത്തരവാദിത്തമുള്ള കുടുംബനാഥനുമായി. വേദികളിൽ നിന്ന് വേദികളിലേക്ക് തിരക്കേറിയ ജീവിതവുമായി നീങ്ങുന്നതിനിടയിലാണ് മരണം ഉമ്പായിയെത്തേടി വന്നത്. അതും മറ്റൊരു സംഗീതയാത്രയ്ക്കിടയിൽ. രോഗം തിരിച്ചറിഞ്ഞതിനൊപ്പം വളരെപ്പെട്ടെന്ന് ആരോഗ്യവും ക്ഷയിച്ചു. പാടാമെന്നേറ്റ സംഗീത പരിപാടികൾ ഓരോന്നായി റദ്ദാക്കുകയായിരുന്നു.