ഉമ്പായി: ആഹ്ലാദമഴ പെയ്യിച്ച ഗായകൻ

മലയാളത്തിൽ ഗസലുകൾക്ക് ഉയിരു കൊടുത്ത ഗായകനെപ്പറ്റി ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ രമേഷ് നാരായണൻ എഴുതുന്നു

ഉമ്പായി അവശനാണ്, അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണം എന്നാവശ്യപ്പെട്ടു സൂര്യ കൃഷ്ണമൂർത്തിയുടെ വാട്സാപ് സന്ദേശം രണ്ടു ദിവസം മുമ്പാണ് എനിക്കു കിട്ടിയത്. മനസ്സു വല്ലാതെ വിഷമിച്ചു. പിറ്റേന്നു കൊച്ചിയിലേക്കു പോകാൻ തീരുമാനിച്ചു. യാത്രയ്ക്കു മുമ്പു ഫോണിൽ വിളിച്ചപ്പോൾ ഈ അവസ്ഥയിൽ വന്നു കാണണോ എന്നാണ് ആശുപത്രി മുറിയിലുള്ളവർ ചോദിച്ചത്. അത് അനുസരിക്കാൻ മടിച്ചു. വീണ്ടും യാത്രയ്ക്കൊരുങ്ങവേയാണു പ്രിയപ്പെട്ട ചങ്ങാതിയുടെ വിയോഗവാർത്ത തേടിയെത്തിയത്.

ഓർമകൾ മൂന്നര പതിറ്റാണ്ടു പിന്നിലേക്കു പോകുന്നു. ആബേലച്ചന്റെ ക്ഷണപ്രകാരം ഞാൻ മുംബൈയിൽനിന്നു കൊച്ചിയിലെ കലാഭവനിൽ പാടാനെത്തി. കൂടെ ചില ക്ലാസുകളും എടുത്തു. അന്ന് എന്റെ പാട്ടു കേൾക്കാനും ക്ലാസിലിരിക്കാനും ഉമ്പായി പതിവായി വന്നിരുന്നു. ഗായകനെന്ന നിലയിൽ അന്നദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നില്ല. സംഗീതത്തെപ്പറ്റി പഠിക്കാനും മനസ്സിലാക്കാനും വേണ്ടി വരികയാണ്. പാടുന്നതും പറയുന്നതുമെല്ലാം സൂക്ഷ്മമായി ഹൃദിസ്ഥമാക്കും. അവിടെ തുടങ്ങിയതാണു ഞങ്ങൾ തമ്മിലുള്ള ബന്ധം.

കൊച്ചിയിലെ ചില ക്ലബ്ബുകളിലും ഹോട്ടലുകളിലുമൊക്കെ പാടുന്നുണ്ടെന്നു പറഞ്ഞു. പിന്നീട് എന്റെ കച്ചേരികൾ എവിടെയുണ്ടെങ്കിലും കേൾക്കാൻ അദ്ദേഹം പതിവായി എത്തുമായിരുന്നു. സംഗീതത്തോടു ബന്ധപ്പെട്ടു പ്രവർത്തിച്ചെങ്കിലും ആ രംഗത്ത് ഏറെക്കാലത്തെ പ്രയത്നത്തിനു ശേഷമാണ് ഉമ്പായി അറിയപ്പെടുന്ന ഗായകനായി മാറുന്നത്. മലയാളത്തിൽ ഗസലുകൾക്ക് ഉയിരു കൊടുത്ത ഗായകൻ ഉമ്പായിയല്ലാതെ മറ്റാരാണ്? മലയാളം ഗസലുകൾ പ്രശസ്തമാകുന്നതും ഉമ്പായിയിലൂടെത്തന്നെ.

എന്റെ ചങ്ങാതിയുടേതു ശുദ്ധശാഖയിൽപെടുന്ന ഗസലുകളായിരുന്നില്ല. ഗസൽ രീതിയിലുള്ള ഗാനങ്ങളാണ് ഏറെയും ഉമ്പായി ആലപിച്ചത്. ഗസൽ ആഴമുള്ള ഒരു രചനയാണ്. മലയാള കവിതകൾ ഗസൽ രീതിയിൽ ആലപിച്ചു ഗസൽ ശാഖയെ ഉമ്പായി ജനകീയമാക്കി. ഗസൽ സാധാരണക്കാർക്കു പ്രാപ്യമാക്കി. ജനങ്ങൾ ഒരുപോലെ ഗസലിനൊപ്പം ഉമ്പായിയെയും ഹൃദയത്തോടു ചേർത്തു. കൊച്ചിയിലെ ക്ലബ്ബുകളിലും ഹോട്ടലുകളിലും ഹിന്ദി പാട്ടുകൾ മാത്രം നിറഞ്ഞുനിന്നിരുന്ന ആ കാലത്തിന് ഉമ്പായിയുടെ വരവോടെയാണ് അവസാനമായത്. സംഗീത അരങ്ങുകൾ ഗസലുകളുടേതു മാത്രമായി മാറി.

ഒരിക്കൽ ഒ.എൻ.വി.കുറുപ്പ് സാർ എന്നോടു പറഞ്ഞത് ഓർമിക്കുന്നു: ‘‘കൊച്ചിയിലെ ഒരു ഹോട്ടലിൽ ഉമ്പായി പതിവായി പാടുന്നുണ്ട്. നമുക്കു സന്ധ്യയ്ക്കവിടെ പോയി ഉമ്പായിയുടെ പാട്ടു കേൾക്കണം.’’ ഒരുവട്ടമല്ല, പലവട്ടം സാറുമായി പോയി. പാട്ടു കേൾക്കാൻ പോയ ഒഎൻവി പിന്നീട് ഉമ്പായിക്കു പാടാനായി മാത്രം പാട്ടുകളെഴുതിക്കൊടുത്തു. ഉമ്പായി കുറെക്കാലം മുംബൈയിൽ ഉണ്ടായിരുന്നതായി അറിയാം; അവിടെവച്ചു ഹിന്ദുസ്ഥാനി പഠിച്ചതായും. കൂത്തുപറമ്പിലെ ഉസ്താദ് ഹാരിസ് മാസ്റ്റർക്കൊപ്പമായിരുന്നു മുംബൈയിലെ ആ കാലം. സംഗീതം ഇഷ്ടപ്പെടുകയും സംഗീതത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത മനുഷ്യനാണു നമ്മളെ വിട്ടുപോയത്.

1999ൽ വരൾച്ചയുടെ കാലത്തു മഴ പെയ്യാനായി ഒരു സംഗീത കൂട്ടായ്മ കൊച്ചിയിൽ നടത്തി. എല്ലാ പാട്ടുകാരുമുണ്ട്. ഞാൻ പാടിക്കൊണ്ടിരിക്കെ മഴ പെയ്തു. മുൻനിരയിലിരുന്ന ഉമ്പായി എഴുന്നേറ്റു വന്നു കെട്ടിപ്പിടിച്ചതിന്റെ ഓർമ ഇന്നും മനസ്സിലുണ്ട്. ഉമ്പായി പാടുമ്പോൾ എത്രയോ മനസ്സുകളിൽ അതുപോലെ ആഹ്ലാദമഴകൾ പെയ്തിറങ്ങിയിട്ടുണ്ടാകും. ‘രാത്രിമഴ’ എന്ന സിനിമയിലെ സംഗീതത്തിന് എനിക്കു സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘ബാസുരി ശ്രുതിപോലെ’ എന്ന ഗാനം ഹിന്ദുസ്ഥാനിയിൽ ചിട്ടപ്പെടുത്തിയതായിരുന്നു. ജൂറിയുടെ തലവൻ ഉമ്പായി ആയിരുന്നുവെന്നു പിന്നീടറിഞ്ഞു. ഞാൻ നന്ദി പറയാനായി വിളിച്ചു. ഉമ്പായി പറഞ്ഞു: ‘‘ഹിന്ദുസ്ഥാനിയെ വിട്ടുകളയാൻ എനിക്കാകുമോ മാഷേ, ഹിന്ദുസ്ഥാനിയല്ലേ നമ്മുടെ ഞരമ്പിലോടുന്ന സംഗീതം?’’

പ്രിയപ്പെട്ട ഉമ്പായീ, എത്രയോ കാലത്തിന്റെ പ്രയത്നമാണു നിങ്ങളിലെ പാട്ടുകാരൻ. നിങ്ങൾ വിടപറഞ്ഞ് എവിടേക്കും പോകുന്നില്ല.