കീഴാറ്റൂർ: മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്നു ബിജെപി

തിരുവനന്തപുരം∙ കീഴാറ്റൂർ ബൈപാസ് പ്രശ്നത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനെ അറിയിക്കാതെ സമരസമിതിയെ ചർച്ചയ്ക്കു വിളിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നു ബിജെപി. കേന്ദ്രസർക്കാർ ആരെയും ചർച്ചയ്ക്കു വിളിച്ചിട്ടില്ല, പകരം സമരസമിതിയിലെ ചിലർ വകുപ്പു മന്ത്രിയായ നിതിൻ ഗഡ്കരിക്കു നിവേദനം നൽകുക മാത്രമാണു ചെയ്തതെന്ന് ഒ.രാജഗോപാൽ എംഎൽഎ പറഞ്ഞു.

ഇതു ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നാണു മുഖ്യമന്ത്രിയുടെ വാദമെങ്കിൽ അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ വികലതയെയാണു സൂചിപ്പിക്കുന്നത്. ഡൽഹിയിലായതുകൊണ്ടു സ്വാഭാവികമായും നാട്ടിൽ‌ നിന്നു രണ്ടു ജനപ്രതിനിധികളുടെ സഹായവും തേടിയിട്ടുണ്ടാകും. ഗഡ്കരിയുമായുള്ള ചർച്ചയിൽ ഒരു തീരുമാനവും എടുത്തിട്ടില്ല. വിദഗ്ധ സമിതി പരിശോധിക്കുമെന്നു മാത്രമാണ് പറഞ്ഞിരിക്കുന്നത്.

ചില മാർക്സിസ്റ്റ് മേലാളന്മാർക്കു വേണ്ടിയാണ് ഇപ്പോഴുള്ള അലൈൻമെന്റ് നിർണയിച്ചത്. ഇതു ജനദ്രോഹകരമാണ്. അധികദൂരം റോഡ് നിർമിക്കേണ്ടതായും വരും. ഇത്തരം വിഷയങ്ങൾ കേന്ദ്രമന്ത്രിയോട് ഉന്നയിക്കുകയാണു ചെയ്തത്. കമ്യൂണിസ്റ്റുകളായ ചില നാട്ടുകാരും ഇതിനു പിന്തുണ നൽകിയിട്ടുണ്ട്. എടത്തലയിൽ ഉസ്മാനെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ ആലുവ സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നു നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി ,കേരളം സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നു കൂടി മനസ്സിലാക്കണം. കേരളവും കേന്ദ്രവും വികസനകാര്യങ്ങളിൽ ഒരുമിച്ചു പോകുന്നതാണു ജനങ്ങളുടെ താൽപര്യങ്ങൾക്കു നല്ലതെന്നും രാജഗോപാൽ പറഞ്ഞു.