തളിപ്പറമ്പ്∙ ദേശീയപാത ബൈപാസ് നിർമാണത്തിനായി കീഴാറ്റൂർ വയൽ ഏറ്റെടുക്കുന്നതിനെതിരെ പ്രത്യക്ഷ സമരവുമായി ‘വയൽക്കിളി’ കർഷക കൂട്ടായ്മ വീണ്ടും രംഗത്തിറങ്ങുന്നതിനിടെ, സ്ഥലമെടുപ്പിലെ തടസ്സങ്ങൾ നീക്കാൻ സിപിഎമ്മിന്റെ നേതൃത്വത്തിൽ സഹായ സമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അധികൃതർ പുറപ്പെടുവിച്ച ത്രിജി വിജ്ഞാപനത്തിൽ ഉൾപ്പെട്ട 60 കുടുംബങ്ങളിൽ 56 കുടുംബങ്ങളെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലെ സിപിഎം ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിലാണു തീരുമാനം.
സർക്കാർ ഏറ്റെടുക്കാൻ അടയാളപ്പെടുത്തിയ മുഴുവൻ ഭൂമിയും സ്വമേധയാ വിട്ടുനൽകാൻ യോഗത്തിൽ പങ്കെടുത്ത ഭൂഉടമകൾ തീരുമാനിച്ചതായി സിപിഎം നേതാക്കൾ അറിയിച്ചു. വയൽക്കിളികളുമായി ബന്ധപ്പെട്ട 4 കുടുംബങ്ങളെ യോഗത്തിലേക്കു ക്ഷണിച്ചിരുന്നില്ല. സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടുന്നതാണു സഹായ സമിതി. ബൈപാസിനു വേണ്ടി വിട്ടുകൊടുക്കുന്ന ഭൂമിക്കു പരമാവധി നഷ്ടപരിഹാരം വാങ്ങിയെടുക്കാൻ ജനങ്ങളെ സഹായിക്കുകയും, സ്ഥലമെടുപ്പു നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുകയുമാണു സമിതിയുടെ ലക്ഷ്യമെന്നു സിപിഎം നേതാക്കൾ പറഞ്ഞു.
ബൈപാസ് നിർമാണത്തിനെതിരെ ആദ്യം സമരത്തിനിറങ്ങുകയും പിന്നീടു പദ്ധതിയെ പിന്തുണയ്ക്കുകയും ചെയ്ത പ്രാദേശിക നേതാക്കളാണു യോഗം വിളിച്ചു ചേർത്തത്. വിവാദങ്ങൾ ഒഴിവാക്കാനും നാട്ടിൽ സമാധാനം നിലനിർത്താനുമാണു യോഗമെന്നു നേതാക്കൾ വിശദീകരിച്ചു. കീഴാറ്റൂരിലെ സമരാന്തരീക്ഷം വിദ്യാർഥികളുടെ പഠനത്തെ പോലും ബാധിക്കുന്നതായും നേതാക്കൾ യോഗത്തിൽ പറഞ്ഞു. മാസങ്ങൾ നീണ്ട വയൽക്കിളി സമരത്തെ അവഗണിച്ച്, കീഴാറ്റൂർ വയലിലൂടെ തന്നെ ബൈപാസിനു സ്ഥലമെടുക്കാൻ കഴിഞ്ഞ ദിവസം ദേശീയപാത അധികൃതര്‍ അന്തിമ വിജ്ഞാപനമിറക്കിയിരുന്നു. ബൈപാസ് റോഡിന്റെ രൂപരേഖ മാറ്റാമെന്ന ബിജെപിയുടെ ഉറപ്പിനെ തുടർന്നു സമരം നിർത്തി വച്ചിരുന്ന വയൽക്കിളികൾ, പുതിയ വിജ്‍ഞാപനത്തെ തുടർന്നു വീണ്ടും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.ബിജുമോൻ, പി.പി.ശശിധരൻ, പി.ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. സഹായ സമിതി ചെയർമാനായി സിപിഎം കീഴാറ്റൂർ വടക്ക് ബ്രാഞ്ച് സെക്രട്ടറി കെ.ബിജുമോനെയും സെക്രട്ടറിയായി സെൻട്രൽ ബ്രാഞ്ച് സെക്രട്ടറി പി.രാഘവനെയും തിരഞ്ഞെടുത്തു.