കണ്ണൂർ ∙ വയൽക്കിളി സമരവും ബിജെപി നേതാക്കളുടെ വാഗ്ദാനവും ഫലം കണ്ടില്ല; ദേശീയപാത ബൈപാസ് കീഴാറ്റൂർ വയലിലൂടെത്തന്നെ. തളിപ്പറമ്പ് കീഴാറ്റൂർ വയലിലൂടെയുള്ള ബൈപാസ് അലൈൻമെന്റിൽ മാറ്റമില്ലെന്നു വ്യക്തമാക്കുന്ന അന്തിമ വിജ്ഞാപനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കി. സമരരംഗത്തുള്ള പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി കോളനിയിലൂടെയുള്ള അലൈൻമെന്റിനും മാറ്റമുണ്ടാകില്ല. നഷ്ടപരിഹാരം നൽകുന്നതിനു ഭൂവുടമകളുടെ ഹിയറിങ് തീയതി പ്രഖ്യാപിച്ചാണു വിജ്ഞാപനം.
ബിജെപി വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച വയൽക്കിളികൾ സമരം തുടരുമെന്നു പ്രഖ്യാപിച്ചു. കീഴാറ്റൂരിലെ ജനങ്ങളെ കബളിപ്പിച്ചതിനു ബിജെപി മാപ്പുപറയണമെന്നു സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ആവശ്യപ്പെട്ടു. വയൽക്കിളികൾ പിരിച്ചുവിട്ടു സമരം നിർത്തണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
സിപിഎം പാർട്ടിഗ്രാമമായ കീഴാറ്റൂരിൽ പാർട്ടിയുടെ നേതൃത്വത്തിലാണു വയലിലൂടെയുള്ള അലൈൻമെന്റിനെതിരെ സമരം തുടങ്ങിയത്. സിപിഎം പിൻമാറിയപ്പോഴാണു വയൽക്കിളികൾ എന്ന പേരിൽ സമരം തുടങ്ങിയത്. നിർദേശത്തിനു വിരുദ്ധമായി സമരം തുടർന്ന 11 പേരെ സിപിഎം പുറത്താക്കിയതിനു പിന്നാലെയാണു ബിജെപി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചെത്തിയത്.
Advertisement