Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി വാഗ്ദാനം പാലിച്ചില്ല; സിപിഎം അവരുടെ ബി ടീമായി: സുരേഷ് കീഴാറ്റൂർ

suresh-keezhattoor സുരേഷ് കീഴാറ്റൂർ

തളിപ്പറമ്പ് ∙ കീഴാറ്റൂർ പ്രശ്നം പരിശോധിക്കുവാൻ വിദഗ്ധസംഘത്തെ അയയ്ക്കുമെന്നു ബിജെപി നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നു വയൽക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂർ. കീഴാറ്റൂരിലൂടെ കടന്നുപോകുന്ന ബൈപാസ് വയലിലൂടെത്തന്നെ നിര്‍മിക്കാന്‍ തീരുമാനമായെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം

കോർപറേറ്റ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ കേരളത്തിൽ ബിജെപിയുടെ ബി ടീമായി സിപിഎം പ്രവർത്തിക്കുകയാണ്. ദേശീയപാത നിർമാണത്തിനായി എത്ര നോട്ടിഫിക്കേഷനുകൾ ഇറക്കിയാലും വയൽക്കിളികൾ സമരം തുടരും. കേരളത്തിൽ നടക്കുന്ന ജനകീയസമരങ്ങൾ എതിരിടുന്നതിൽ രണ്ടു പാർട്ടികളും ഒരേ തൂവൽപക്ഷികളാണ്. കീഴാറ്റൂരിൽ ഇനി പ്രക്ഷോഭത്തിനു പ്രസക്തിയില്ല.

മേധാപട്കർ നർമദ സമരം എങ്ങിനെ നടത്തിയോ അതുപോലെ തന്നെ കീഴാറ്റൂർ വയൽ സംരക്ഷിക്കാനുള്ള വയൽക്കിളി സമരവും തുടരും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെയാണു സമരം ആരംഭിച്ചത്. ഇനിയും സമരം നടത്താൻ കഴിവുണ്ട്. നർമദ സമരം പരാജയമായിരുന്നെങ്കിലും പാരിസ്ഥിതിക വിഷയങ്ങൾ രാജ്യത്തു ചർച്ചചെയ്യപ്പെടാൻ അതു നിമിത്തമായി.

അതുപോലെ കേരളത്തിനകത്തു നെൽവയലുകളും കുന്നുകളും സംരക്ഷിക്കുന്ന കാര്യത്തിൽ, സാങ്കേതികമായി പരാജയപ്പെട്ടെങ്കിലും വയൽക്കിളി സമരം ഒരു ഓർമപ്പെടുത്തലായി മാറിയിട്ടുണ്ട്. ഇതു ശരിയാണെന്നു തെളിയിക്കുന്നതാണു പ്രളയം നൽകിയ പാഠം.

പുഴയിൽനിന്നു വയലുകളിലേക്കു കയറേണ്ട വെള്ളം അവ നികത്തിയതോടെ വീടുകളുടെ രണ്ടാം നിലയിലേക്കാണ് ഇരച്ചുകയറിയത്. വയലുകളുടെ പ്രാധാന്യം എന്തെന്നു മനസ്സിലാക്കിപ്പിക്കുവാൻ വയൽക്കിളി സമരത്തിനു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.