Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈപ്പ് പൊട്ടി പാഴാകുന്നത് 730 കോടിയുടെ ജലം

Kerala Water Authority, Pipe Burst

പത്തനംതിട്ട∙ പൈപ്പ് ചോർച്ചയിലൂടെ ഒരു വർഷം 730 കോടിരൂപയുടെ കുടിവെള്ളം ഒഴുകി നഷ്ടമാകുന്നതായി ജല അതോറിറ്റിയുടെ കണക്ക്. ദിവസവും ശേഖരിക്കുന്ന 2500 ദശലക്ഷം ലീറ്റർ ജലത്തിൽ 55% മാത്രമേ വിൽക്കാനാകുന്നുള്ളു. ബാക്കി 45% നഷ്ടമാകുന്നു. ദിവസം രണ്ടു കോടിയുടെ വെള്ളമാണ് വിതരണത്തിനിടെ നഷ്ടമാകുന്നതെന്നും ജലഅതോറിറ്റി വ്യക്തമാക്കുന്നു.ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുമ്പോഴുള്ള അധിക മർദം മൂലം പൈപ്പ് ഭൂമിയ്ക്കടിയിൽ പൊട്ടിയാണ് ഭൂരിഭാഗം വെള്ളവും പാഴാകുന്നത്. പുറമെ കാലപ്പഴക്കവും പൈപ്പ് സ്ഥാപിച്ചിരിക്കുന്ന റോഡുകളിൽ മറ്റു വകുപ്പുകും കമ്പനികളും നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും ജലചോർച്ചയ്ക്കിടയാക്കുന്നതായാണ് ജലഅതോറിറ്റി പറയുന്നത്. ഇൗ ചോർച്ച കണ്ടെത്തുന്നതിനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ മൂലം സമയത്തു തടയാനുമാകില്ല.

ആയിരം ലീറ്റർ ജലം വിതരണത്തിനു തയാറാക്കാൻ ജലഅതോറിറ്റിക്ക് ചെലവ് 23 രൂപയാണ്. പൈപ്പ് പൊട്ടി ജലം നഷ്ടമാകുന്നതോടെ ഇതിൽനിന്നുള്ള വരുമാനം 10 രൂപ മാത്രം. സർക്കാർ ഗ്രാന്റുകൾ കൊണ്ടാണ് ജലഅതോറിറ്റി പിടിച്ചുനിൽക്കുന്നത്. എഴുനൂറ് കോടിയോളം രൂപ മറ്റു വകുപ്പുകളിൽനിന്നു കുടിശികയായും കിട്ടാനുണ്ട്. സംസ്ഥാനത്താകെ പൊതുടാപ്പുകൾ 2,04,551 എണ്ണമാണ്. ഇവ മിക്കതും ചോർച്ചയിലാണ്.

എന്നാൽ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണ് ഇൗ പൈപ്പുകൾ എന്നതിനാൽ പാഴാകുന്ന ജലത്തിനും അതോറിറ്റിക്കു പണം ലഭിക്കും. 2017–18 സാമ്പത്തിക വർഷം തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ജലഅതോറിറ്റിക്ക് 94.47 കോടി രൂപയാണ് ലഭിച്ചത്. ജലഅതോറിറ്റിയ്ക്ക് 3475 ദശലക്ഷം ശേഷിയുള്ള പ്ലാന്റുകളും ടാങ്കുകളുമുണ്ടെങ്കിലും ഉൽപാദനം 2500 ദശ ലക്ഷം ലിറ്റർ മാത്രമാണ്. വിതരണ പൈപ്പുകൾ സ്ഥാപിക്കാത്തത് ഇതിനു കാരണമായി ജലഅതോറിറ്റി വ്യക്തമാക്കുന്നത്.

എഡിബി പദ്ധതിക്ക് അന്തിമരൂപമായി

തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി നഗരങ്ങളിൽ മുഴുവൻ സമയം (24X7 ) ജല വിതരണത്തിന് എഡിബിയുടെ പദ്ധതിക്ക് അന്തിമരൂപമായി. 2423 കോടിരൂപയാണ് എഡിബിയുടെ സഹായം. തിരുവനന്തപുരം 1016 കോടി, കൊച്ചി 1006, കോഴിക്കോട് 402 എന്നിങ്ങനെയാണ് പണം അനുവദിച്ചത്. ഇൗ പദ്ധതിയിൽ പൈപ്പുകൾ മാറ്റുകയും ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുകയും ചെയ്തു 45% ജലചോർച്ച 20% ആക്കി കുറയ്ക്കുകയാണു ലക്ഷ്യം.