Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലിടിച്ച് അപകടം: തിരച്ചിൽ ഇന്നലെയും വിഫലം, ആരെക്കുറിച്ചും സൂചനയില്ല

Munambam Boat Accident-Boat Remains

വൈപ്പിൻ (കൊച്ചി)∙ മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ചതിനെത്തുടർന്നു കാണാതായ ഒൻപതു തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെയും വിഫലം. ആരെക്കുറിച്ചും ഇതുവരെയും സൂചനയൊന്നും ലഭിച്ചില്ല. ബോട്ടിലിടിച്ചതെന്ന സംശയത്തെത്തുടർന്നു ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ നിർദേശപ്രകാരം പുതുമംഗലാപുരം തുറമുഖത്ത് അടുപ്പിച്ച ഓയിൽ ടാങ്കർ ‘എംവി ദേശ് ശക്തി’ പൊലീസും ഷിപ്പിങ് ഡയറക്ടറേറ്റിനു കീഴിലുള്ള മർക്കന്റൈൽ മറൈൻ വിഭാഗം ഉദ്യോഗസ്ഥരും ഇന്നലെ പരിശോധിച്ചു. ഇന്നും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

കൊച്ചി മുനമ്പത്തുനിന്നു 44 കിലോമീറ്റർ മാറി കടലിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ‘ഓഷ്യാനിക്’ ബോട്ടിലെ തൊഴിലാളികളായ മൂന്നു പേർ മരിക്കുകയും ഒരു മലയാളിയടക്കം ഒൻപതു പേരെ കാണാതാവുകയും രണ്ടുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം, തിരച്ചിലിനായി മുങ്ങൽവിദഗ്ധരുടെ സേവനം ഇതുവരെ ലഭ്യമാക്കാത്തതിൽ പ്രതിഷേധം ഉയർന്നു.

അപകടം നടന്ന സ്ഥലത്തു തിരച്ചിൽ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം മുനമ്പത്തുനിന്നു പത്തു മീൻപിടിത്ത ബോട്ടുകൾ പോയിരുന്നു. ഇവയിൽ ചില ബോട്ടുകൾ ഇന്നലെ തിരിച്ചെത്തി. വേറെ അഞ്ചു ബോട്ടുകൾ അവിടേക്കു പോകുകയും ചെയ്തു. ഇപ്പോഴത്തെ രീതിയിലുള്ള തിരച്ചിൽകൊണ്ടു ഫലമുണ്ടാവാനിടയില്ലെന്നാണു മടങ്ങിയെത്തിയ ബോട്ടുകളിലെ തൊഴിലാളികൾ പറയുന്നത്.

കപ്പലിടിച്ചു മുങ്ങിത്താണ ബോട്ട് ഇപ്പോൾ കടലിന്റെ അടിത്തട്ടിൽ ഏതുഭാഗത്താണു കിടക്കുന്നതെന്നതിനെക്കുറിച്ചുപോലും സൂചനയില്ല. അപകടത്തിനുശേഷം അടിയൊഴുക്ക് ശക്തമായിരുന്നതിനാൽ സ്ഥാനത്തിനു മാറ്റം സംഭവിച്ചിരിക്കാനിടയുണ്ട്. കാണാതായ തൊഴിലാളികൾ ബോട്ടിനുള്ളിൽ കുടുങ്ങിയിട്ടുണ്ടാവുമെന്ന സംശയം ശക്തമാണെങ്കിലും, ഇപ്പോഴും വല ഉപയോഗിച്ചു കടലിൽ പരതിയും മുകളിൽനിന്നു നിരീക്ഷിച്ചുമുള്ള തിരച്ചിലാണു നടക്കുന്നത്.

തിരച്ചിലിനുപോയ ബോട്ടുകളിൽ വിദഗ്ധരായ മുങ്ങൽക്കാരുണ്ടെങ്കിലും ആധുനിക സംവിധാനങ്ങളില്ല. അതിനാൽ പരമാവധി 25 മീറ്ററിൽ കൂടുതൽ അവർക്കു മുങ്ങാനാകുന്നില്ല. എന്നാൽ, അപകടം നടന്ന സ്ഥലത്തെ ആഴം ഇതിന്റെ മൂന്നിരട്ടിയുണ്ട്. വിദൂരനിയന്ത്രണം സാധ്യമായ ക്യാമറ ഉപയോഗിച്ച് മുങ്ങിക്കിടക്കുന്ന യാനങ്ങളുടെ ഉൾഭാഗം പരിശോധിക്കാനുള്ള സംവിധാനം നാവികസേനയ്ക്കുണ്ടെന്നു ബോട്ടുടമാസംഘം പ്രസിഡന്റ് പി.പി. ഗിരീഷ് പറഞ്ഞു. എന്നാൽ, അത് ഉപയോഗിക്കാൻ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

നിസ്സഹായരായി ബന്ധുക്കൾ

കടലിൽ കാണാതായ തമിഴ് തൊഴിലാളികളുടെ ബന്ധുക്കളിൽ ചിലർ മുനമ്പത്ത് എത്തിയിട്ടുണ്ടെങ്കിലും അവരും ആരെ സമീപിക്കുമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്. കരുണാനിധിയുടെ വിയോഗത്തെത്തുടർന്നുള്ള ദുഃഖാചരണം നടക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ നാട്ടിൽനിന്നു രാഷ്ട്രീയ നേതാക്കളാരും ഉടൻ മുനമ്പത്ത് എത്താൻ സാധ്യതയില്ലെന്നും അവർ പറയുന്നു. കന്യാകുമാരിയിൽ നിന്നു കഴി‍ഞ്ഞ ദിവസമെത്തിയ വൈദികനും തിരച്ചിൽരീതിയിൽ നിരാശ പ്രകടിപ്പിച്ചു.