‌നെഹ്റു ട്രോഫി സെപ്റ്റംബറിലേക്ക്? ഇന്നോ നാളെയോ തീരുമാനമാകും

ആലപ്പുഴ∙ നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബറിലേക്കു നീണ്ടേക്കും. ജലോത്സവം സംബന്ധിച്ച് ഇന്നോ നാളെയോ തീരുമാനം ഉണ്ടാകുമെന്നു നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ സബ് കലക്ടർ വി.ആർ.കൃഷ്ണ തേജ പറഞ്ഞു.

ഇന്നലെ നടക്കേണ്ടിയിരുന്ന ജലോത്സവം 18നും 21നും ഇടയിൽ ഒരു ദിവസം നടത്തുമെന്നു എൻടിബിആർ സൊസൈറ്റി തീരുമാനിച്ചിരുന്നു. അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനവും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ അസാന്നിധ്യവും ജലോത്സവം അടുത്തയാഴ്ച നടക്കാനുള്ള സാധ്യത കുറയ്ക്കുകയാണ്. സച്ചിൻ തെൻ‍ഡുൽക്കറുടെ മറുപടിയും ഇതുവരെ ലഭിച്ചിട്ടില്ല.

ചികിത്സയ്ക്കായി 19ന് അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി സെപ്റ്റംബർ ആറിനു ശേഷമേ മടങ്ങിയെത്തുകയുള്ളു.  ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന 18നും 21നും ഇടയിൽ നടത്ത‍ാനായില്ലെങ്കിൽ പിന്നീട് സെപ്റ്റംബറിലേക്കു നീളുമെന്ന് ഉറപ്പാണ്. ഈ ദിവസങ്ങൾ കഴി‍ഞ്ഞാൽ ഓണവും അതിന്റെ തിരക്കുകളുമാകും.

അടുത്തയാഴ്ച ജലോത്സവം നടന്നില്ലെങ്കിൽ കേരള ബോട്ട് റേസ് ലീഗിലെ എല്ലാ ജലോത്സവങ്ങളുടെയും താളം തെറ്റും. നിലവിൽ പുളിങ്കുന്ന് ജലോത്സവത്തിന്റെ തീയതി മാറ്റേണ്ട സാഹചര്യമാണ്. 

ഇതിനൊക്കെ പുറമെയാണു സംഘാടകർക്കും ക്ലബ്ബുകൾക്കും വന്നുചേരുന്ന ഭീമൻ ചെലവ്. ഒരാഴ്ചയ്ക്കുള്ളിൽ ജലോത്സവം മാറ്റി നടത്തിയാൽ തന്നെ സംഘാടകരായ എൻടിബിആർ സൊസൈറ്റിക്ക് ഏകദേശം അരക്കോടി രൂപയുടെ ചെലവ് അധികമാകും. ക്ലബ്ബുകൾക്കെല്ലാം കൂടി ഒരു കോടി രൂപ നഷ്ടം സഹിക്കേണ്ടി വരും. ദിവസം കൂടുംതോറും ഈ ചെലവ് വളരും.