നെന്മാറ ∙ കനത്ത മഴയിൽ ഉരുൾപൊട്ടി രണ്ടു കുടുംബങ്ങളിലെ 15 ദിവസം പ്രായമായ കൈക്കുഞ്ഞ് ഉൾപ്പെടെ ഏഴു പേർ മരിച്ചു. കാണാതായ മൂന്നുപേർക്കായി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ഉരുൾപൊട്ടൽ ഭീഷണിയും മൂലം നിർത്തിവച്ചു. പ്രദേശത്ത് ഇപ്പോഴും കനത്തമഴ തുടരുകയും മണ്ണ് ഇടിഞ്ഞുകൊണ്ടിരിക്കുകയുമാണ്.
നെന്മാറ പോത്തുണ്ടിക്കു സമീപം അളുവശ്ശേരി ചേരുംകാട്ടിൽ ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മക്കളായ ആതിര (24), ആര്യ (17), ആതിരയുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ്, തൊട്ടടുത്ത വീട്ടിലെ പരേതനായ ഉണ്ണിക്കൃഷ്ണന്റെ മക്കളായ അഭിജിത് (25) അനിത (28 ) എന്നിവരാണു മരിച്ചത്. ഗംഗാധരന്റെ മകൻ അരവിന്ദ് (17), മരിച്ച അനിതയുടെ മൂന്നര വയസ്സുള്ള മകൾ ആത്മിക, സമീപവാസി സുന്ദരന്റെ മകൻ സുധിൻ (20) എന്നിവരെ കണ്ടെത്താനാണു തിരച്ചിൽ തുടരുന്നത്.
ഗംഗാധരന്റെ മകൾ അഖില (25), സമീപവാസികളായ മണികണ്ഠൻ (47), ഭാര്യ സുനിത (37), അമ്മ കല്യാണി (60), മക്കളായ പ്രവീൺ എന്നിവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി.
ഇന്നലെ രാവിലെ ആറരയോടെയാണു തൊട്ടുപുറകിലെ ആതനാട് കുന്നിൽ ഉരുൾപൊട്ടലുണ്ടായത്. നിമിഷനേരം കൊണ്ടുതന്നെ മണ്ണും കല്ലും വെള്ളവുമെല്ലാം തെറിച്ചുവീഴുകയായിരുന്നു. ഉരുൾപൊട്ടുന്ന ശബ്ദം കേട്ടതോടെ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ അംബിക, മകൾ അജിത എന്നിവർ മറുവശത്തേക്ക് ഓടിയതിനാൽ അവർ രക്ഷപ്പെട്ടു. കനത്ത മഴ തുടരുകയായിരുന്നു അപ്പോഴും.
വീടുകൾ തകർന്നു വീണതു വെള്ളക്കെട്ടുള്ള പറമ്പിലേക്കായിരുന്നു. കുഞ്ഞിന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്നാണു ലഭിച്ചത്. സംഭവ സ്ഥലത്തുണ്ടായിരുന്ന മൂന്നു വീടുകൾ പൂർണമായും മണ്ണിനടിയിലായി. സമീപത്തെ പല വീടുകളും ഭാഗികമായി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും നടത്തിയ തിരച്ചിലിൽ രാവിലെ എട്ടു മണിയോടെ തന്നെ മൃതദേഹങ്ങൾ വീണ്ടെടുത്തു നെന്മാറ ഗവ. ആശുപത്രിയിലെത്തിച്ചു. ആദ്യം അഭിജിത്തിന്റെ മൃതദേഹമാണ് എത്തിയത്. ആതിരയുടെ മൃതദേഹം കിട്ടിയ ശേഷമാണു 14 ദിവസം പ്രായമായ കുഞ്ഞിനെ കിട്ടിയത്.
മംഗലം ഡാം സ്വദേശി ഷിജുവാണ് ആതിരയുടെ ഭർത്താവ്. വിദേശത്തു ജോലി ചെയ്യുന്ന അനിൽകുമാറാണ് പയ്യാംകോട്ടെ അനിതയുടെ ഭർത്താവ്. ബുധനാഴ്ച അനിത ചേരുംകാട്ടിലേക്കു വിരുന്നു വന്നതായിരുന്നു. പരുക്കേറ്റു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഖിലയ്ക്കു പുറമേ കോഴിക്കോട്ടെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന അമിതയും ഗംഗാധരന്റെ മകളാണ്. ഈ രണ്ടു പെൺകുട്ടികൾ മാത്രമാണ് ആ കുടുംബത്തിൽ അവശേഷിക്കുന്നത്.